നമ്മുടെ സൗരയൂഥം സൂര്യനും അതിനുചുറ്റും കറങ്ങുന്ന ഗ്രഹങ്ങളും ചേർന്നതാണ്. ഇതിനുപുറത്തുള്ള വിശാലമായ സ്ഥലമാണ് അന്തർ നക്ഷത്ര പ്രദേശം. അവിടെനിന്ന് നമ്മുടെ സൗരയൂഥത്തിലേക്ക് വരുന്ന വാൽനക്ഷത്രങ്ങളെയാണ് അന്തർ നക്ഷത്ര വാൽനക്ഷത്രം എന്ന് വിളിക്കുന്നത്. എന്നാൽ പുതിയ റിപോർട്ടുകൾ പ്രകാരം ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി നടത്തിയ നിരീക്ഷണങ്ങളിൽ 3I/ATLAS എന്ന വാൽനക്ഷത്രത്തിന് ദശലക്ഷക്കണക്കിന് വർഷങ്ങളായുള്ള ബഹിരാകാശ വികിരണം കാരണം കട്ടിയുള്ള ഒരു പുറംതോട് രൂപപ്പെട്ടതായി കണ്ടെത്തി. ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയിലെ ശക്തമായ ഇൻഫ്രാറെഡ് ഉപകരണങ്ങൾ ഉപയോഗിച്ചുള്ള നിരീക്ഷണത്തിലാണ് ഈ വാൽനക്ഷത്രത്തിന് കട്ടിയുള്ള ഒരു പുറംതോട് ഉണ്ടെന്ന് കണ്ടെത്തിയത്. നമ്മുടെ സൗരയൂഥത്തിന് പുറത്ത് നിന്ന് വരുന്നതായി കണ്ടെത്തിയ മൂന്നാമത്തെ നക്ഷത്രാന്തര വസ്തുവാണ് 3I/ATLAS. ചിലിയിലെ ATLAS സർവേ ടെലിസ്കോപ്പാണ് 2025 ജൂലൈ 1-ന് ഇത് ആദ്യമായി കണ്ടെത്തിയത്. ഇത് മറ്റൊരു നക്ഷത്ര സമൂഹത്തിൽ നിന്ന് നമ്മുടെ സൗരയൂഥത്തിലേക്ക് കടന്നുവന്നതാണ്.
ഇത് രൂപപ്പെടാനുള്ള കാരണം എന്താണെന്നറിയാമോ ?
ദശലക്ഷക്കണക്കിന് വർഷങ്ങളായി ബഹിരാകാശത്തിലൂടെയുള്ള യാത്രയിൽ ഉയർന്ന ഊർജ്ജമുള്ള പ്രപഞ്ച വികിരണങ്ങൾ (cosmic radiation) തുടർച്ചയായി ഏൽക്കുന്നതുകൊണ്ടാണ് ഈ പുറംതോട് രൂപപ്പെട്ടത്. ഈ വികിരണങ്ങൾ വാൽനക്ഷത്രത്തിന്റെ ഉപരിതലത്തിലെ മഞ്ഞ് പാളികളെ ഇരുണ്ടതും കട്ടിയുള്ളതുമായ ഒരു പുറംതോടായി മാറ്റുന്നു. ഈ പുറംതോട് കാരണം വാൽനക്ഷത്രത്തിന്റെ യഥാർത്ഥ സ്വഭാവം, അതായത് അതിനുള്ളിൽ അടങ്ങിയിരിക്കുന്ന യഥാർത്ഥ പദാർത്ഥങ്ങൾ എന്തൊക്കെയാണെന്ന് തിരിച്ചറിയാൻ പ്രയാസമാണ്. ഇത്തരം അന്തർ നക്ഷത്ര വസ്തുക്കളെ പഠിക്കുന്നത് നമ്മുടെ സ്വന്തം സൗരയൂഥം എങ്ങനെ രൂപപ്പെട്ടു എന്ന് മനസ്സിലാക്കാൻ സഹായിക്കും. കാരണം, ഈ വാൽനക്ഷത്രങ്ങൾ നമ്മുടെ സൗരയൂഥം രൂപപ്പെടുന്ന സമയത്തുണ്ടായിരുന്ന അതേ അവസ്ഥയിൽ ആയിരിക്കാം ഇപ്പോഴും ഉള്ളത്.
കൂടാതെ വികിരണം വസ്തുക്കളുടെ ഉപരിതലത്തെ എങ്ങനെ മാറ്റുന്നു എന്നതിനെക്കുറിച്ചുള്ള പുതിയ അറിവുകൾ ഈ പഠനം നൽകുന്നു.
ചുരുക്കത്തിൽ, 3I/ATLAS-ന്റെ പുറംതോടിനെക്കുറിച്ചുള്ള കണ്ടെത്തൽ, ബഹിരാകാശ യാത്രയിൽ വസ്തുക്കൾക്ക് എന്ത് സംഭവിക്കുന്നു എന്നതിനെക്കുറിച്ചും, സൗരയൂഥത്തിന് പുറത്തുള്ള വസ്തുക്കളുടെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ചുമുല്ല വ്യക്തത വരുന്നുണ്ട്. സാധാരണ വാൽനക്ഷത്രങ്ങളിൽ സൂര്യനോട് അടുക്കുമ്പോൾ വാതകങ്ങളും പൊടിയും പുറത്തുവരുന്ന ‘കോമ’ (coma) എന്ന ഭാഗം രൂപപ്പെടാറുണ്ട്. എന്നാൽ കട്ടിയുള്ള പുറംതോട് കാരണം 3I/ATLAS ൽ ഇത് സാധാരണ നിലയിൽ സംഭവിക്കുന്നില്ല. ഈ അസാധാരണമായ സ്വഭാവം ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. 2025 ഒക്ടോബർ 29-ന് ഇത് ഭൂമിക്ക് ഏറ്റവും അടുത്തുകൂടി (ഏകദേശം 130 ദശലക്ഷം മൈൽ ദൂരെ) കടന്നുപോയിട്ടുണ്ട് , അതിനാൽ ഭൂമിക്ക് ഇത് യാതൊരു ഭീഷണിയുമില്ല എന്നാണ് ശാത്രജ്ഞർ പറയുന്നത് .
















