കേരളപ്പിറവി ദിനത്തിൽ എറണാകുളത്ത് വേറിട്ട ഒരു ജന്മദിനാഘോഷം നടന്നു. വയലാർ രാമവർമ്മയുടെ കടുത്ത ആരാധകനും മുൻ സൈനികനും എഴുത്തുകാരനുമായ ശിവരാമൻ മല്ലപ്പള്ളിയാണ് തൻ്റെ 82-ാം ജന്മദിനം പുസ്തകദാനത്തിലൂടെ അവിസ്മരണീയമാക്കിയത്. വയലാർ രാമവർമ്മയുടെ ഓർമ്മകളുടെ അൻപത് വർഷം കൂടി പ്രമാണിച്ചാണ്, വയലാറിൻ്റെ സമഗ്ര ജീവചരിത്ര ഗ്രന്ഥം എറണാകുളത്തെ ലൈബ്രറികൾക്ക് കൈമാറാൻ അദ്ദേഹം തീരുമാനിച്ചത്. കാക്കനാട് സൈനികാശ്രമത്തിൽ വെച്ചായിരുന്നു ഈ ചടങ്ങ് സംഘടിപ്പിച്ചത്.

കാക്കനാട് സൈനികാശ്രമത്തിൽ ഇ.എം.എസ്. വായനശാല സെക്രട്ടറി ശിവരാജ് ടി.ടി.യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വയലാർ ജീവചരിത്ര കൃതിയുടെ രചയിതാവായ ഡോ. രാജീവ് പുലിയൂർ ഉദ്ഘാടനം ചെയ്തു. വായനാനുഭവങ്ങൾ മനുഷ്യനെ നവീകരിക്കുന്നുവെന്നും നവോത്ഥാന കേരള നിർമ്മിതിയിൽ വായനയ്ക്ക് സുപ്രധാന പങ്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എറണാകുളം ജില്ലാ-താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രാജേഷ് ഡി.ആർ. മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ബൈജു മല്ലപ്പള്ളിയും എറണാകുളത്തെ വിവിധ ലൈബ്രറി സെക്രട്ടറിമാരും പ്രസിഡൻ്റുമാരും സംസാരിച്ചു.

ആദ്യഘട്ടത്തിൽ എറണാകുളം കാക്കനാട് താലൂക്കിലെ 30 ലൈബ്രറികൾക്കാണ് വയലാറിൻ്റെ സമഗ്ര ജീവചരിത്ര ഗ്രന്ഥം സംഭാവനയായി നൽകിയത്. വ്യോമയാന വകുപ്പിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുകയും നിരവധി സാഹിത്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത ശിവരാമൻ, നിലവിൽ 82-ാം വയസ്സിൽ സൈനികാശ്രമത്തിൽ വിശ്രമജീവിതം നയിക്കുകയാണ്.
വയലാറിൻ്റെ ആരാധകൻ എന്ന നിലയിൽ, എറണാകുളം ജില്ലയിലെ എല്ലാ ലൈബ്രറികൾക്കും ഈ ജീവചരിത്ര ഗ്രന്ഥം കൈമാറാനാണ് ലക്ഷ്യമിടുന്നതെന്ന് മകനും ഐ.ടി. കമ്പനി മാനേജരുമായ ബൈജു മല്ലപ്പള്ളി അറിയിച്ചു.
















