പാരിസിലെ ലൂവ്ര് മ്യൂസിയത്തിലെ കവർച്ചയുമായി ബന്ധപ്പെട്ട് ഒക്ടോബർ 29ന് കസ്റ്റഡിയിലെടുത്ത പേർക്കെതിരെ കുറ്റം ചുമത്തി. ഒരു പുരുഷനും സ്ത്രീക്കുമെതിരെയാണ് കുറ്റം ചുമത്തിയത്. ഇവർക്കൊപ്പം കസ്റ്റഡിയിലെടുത്ത മറ്റു 3 പേരെ പങ്കില്ലെന്നു കണ്ട് വിട്ടയച്ചു.
നേരത്തെ കസ്റ്റഡിയിലെടുത്ത രണ്ടുപേർക്കെതിരെ കുറ്റം ചുമത്തിയിരുന്നു. ഇതോടെ കേസിൽ പിടിയിലായവർ 4 ആയി. ഇപ്പോൾ പിടിയിലായ 37കാരനും 38കാരിയും ജഡ്ജിക്കു മുന്നിൽ കുറ്റം നിഷേധിച്ചു.അതേസമയം, ആദ്യം പിടിയിലായ രണ്ടുപേർ കുറ്റം ഭാഗികമായി സമ്മതിച്ചിട്ടുണ്ടെന്നാണ് പബ്ലിക് പ്രോസിക്യൂട്ടർ നൽകുന്ന വിവരം.
ഒക്ടോബർ 19ന് രാവിലെയായിരുന്നു ലൂവ്ര് മ്യൂസിയത്തിൽ ലോകത്തെ ഞെട്ടിച്ച കവര്‍ച്ച നടന്നത്. രാവിലെ 9 മണിക്ക് മ്യൂസിയം തുറന്ന് അരമണിക്കൂറിനുള്ളിലായിരുന്നു മോഷണം.
ഫ്രഞ്ച് ചക്രവര്‍ത്തി നെപ്പോളിയന്‍ ബോണപാര്‍ട്ടിന്റെയും ചക്രവര്‍ത്തിനിയുടെയും അമൂല്യ ആഭരണശേഖരത്തില്‍ നിന്നുള്ള ഒന്‍പത് വസ്‍തുക്കളാണ് മോഷ്ടിക്കപ്പെട്ടത്. 102 മില്യൺ ഡോളറാണ് മോഷ്ടിക്കപ്പെട്ട വസ്തുക്കളുടെ മൂല്യം കണക്കാക്കുന്നത്.
അതേസമയം മോഷണം പോയ രത്നങ്ങളെ കുറിച്ച് ഇതുവരെയും വിവരം ലഭിച്ചിട്ടില്ല.
















