ശക്തമായ മഴയെ തുടർന്ന് എവറസ്റ്റ് യാത്രികർ ഉൾപ്പെടെ നൂറുകണക്കിന് സഞ്ചാരികൾ നേപ്പാളിൽ കുടുങ്ങി. ദിവസങ്ങളായി ശക്തമായ മഴയാണ് രാജ്യത്തുടനീളം. എവറസ്റ്റ് മേഖലയിലെ ലുക്ലയിലെ ടെൻസിങ്–ഹിലരി വിമാനത്താവളം തുടർച്ചയായ മൂന്നാംദിവസവും അടച്ചിട്ടതോടെയാണ് സഞ്ചാരികൾ കുടുങ്ങിയത്.
മേഘങ്ങൾ നിറഞ്ഞ ആകാശവും മഞ്ഞും കാരണമാണ് ടെൻസിങ്–ഹിലരി വിമാനത്താവളത്തിൽ മൂന്നു ദിവസമായി സർവിസുകൾ നിർത്തിയത്. അതേസമയം മഴ വരുംദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
എവറസ്റ്റ് കൊടുമുടിയിലേക്കുള്ള യാത്രക്കാരുടെ പ്രധാന കേന്ദ്രമാണിത്. ടൂറിസ്റ്റ് സീസൺ ആരംഭിച്ചതോടെ സഞ്ചാരികളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. വിമാനസർവിസുകളും വർധിച്ചിരുന്നു. യാത്ര മുടങ്ങിയതോടെ ലുക്ലയിലെ ഹോട്ടലുകൾ നിറഞ്ഞിരിക്കുകയാണ്. 1500 പേരാണ് മടങ്ങാൻ കഴിയാതെ ലുക്ലയിൽ തുടരുന്നത്.
















