നമ്മുടെ എല്ലാവരുടെയും കൂട്ടത്തിൽ എല്ലാ വള്ളിയും ഒപ്പിക്കുന്ന ഇച്ചിരി വളഞ്ഞ, തലത്തിരിഞ്ഞവൻ എന്നൊക്കെ പറയും പോലെ ഒരാളുണ്ടാകും അല്ലെ?എന്നാൽ ഇത് അതല്ല കേട്ടോ ഒരു വനം തന്നെ വളഞ്ഞൊരു നാടുണ്ട്. പോളണ്ടിലെ വളഞ്ഞ മരങ്ങൾ എന്ന് കേട്ടിട്ടുണ്ടോ? ഇവിടെയെല്ലാം അല്പം വളഞ്ഞാണ് ഇരിക്കുന്നത്.
പോളണ്ടിലെ ‘വളഞ്ഞ വനം'”Crooked Forest” അഥവാ കൂനൻ കാട് എന്നത് പോളണ്ടിൽ സ്ഥിതി ചെയ്യുന്ന ഒരു നിഗൂഢ വനമാണ്. പോളിഷ് ഭാഷയിൽ ക്രിവി ലാസ്, അവിടുത്തെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രവും പ്രകൃതി വിസ്മയവുമാണ് ഈ വനം.
വടക്കുപടിഞ്ഞാറൻ പോളണ്ടിലെ വെസ്റ്റ് പൊമറേനിയൻ പ്രവിശ്യയിൽ, ഗ്രിഫിനോ പട്ടണത്തിന് സമീപമുള്ള നോവെ സാർനോവോ എന്ന ഗ്രാമത്തിലാണ് ഈ വനം സ്ഥിതി ചെയ്യുന്നത്. ഒന്നും രണ്ടൊന്നുമല്ല ഏകദേശം 400 ഓളം പൈൻ മരങ്ങളാണ് ഇത്തരത്തിൽ വളഞ്ഞുനിൽക്കുന്നത്.
തറനിരപ്പിൽ നിന്ന് ഏകദേശം ഒരു മീറ്റർ ഉയരത്തിൽ, എല്ലാ മരങ്ങളും വടക്കോട്ട് ഒരു ‘J’ അല്ലെങ്കിൽ ‘കൊളുത്ത്’ ആകൃതിയിൽ ആണ് വാ വളയുന്നു, തുടർന്ന് നേരെ മുകളിലേക്ക് വളരുന്നു. ചുറ്റുമുള്ള മറ്റ് പൈൻ മരങ്ങളൊന്നും ഇത്തരത്തിൽ വളഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ഈ മരങ്ങൾ 1930-കളിലാണ് നട്ടുപിടിപ്പിച്ചത്. മരങ്ങൾ ഇങ്ങനെ വളഞ്ഞതിന്റെ കാരണം ഇന്നും ഒരു പരിഹരിക്കപ്പെടാത്ത രഹസ്യമായി ഇന്നും തുടരുന്നു. അത് അങ്ങനെയാണല്ലോ കാരണം പ്രകൃതി തന്നെ വലിയൊരു നിഗൂഢ രഹസ്യങ്ങളുടെ നിലവറ എന്നാണല്ലോ അറിയപ്പെടുന്നത്. ഈ മരങ്ങൾ ഇങ്ങനെ വളഞ്ഞതിൽ പല സിദ്ധാന്തങ്ങളും നിലവിലുണ്ടെങ്കിലും ഒന്നും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
മനുഷ്യന്റെ ഇടപെടൽ ആണ് ഇതിനു കാരണം എന്നാണ് പ്രധാന സിദ്ധാന്തം. ഫർണിച്ചർ, ബോട്ട് നിർമ്മാണം എന്നിവയ്ക്കായി സ്വാഭാവികമായി വളഞ്ഞ തടികൾ ലഭിക്കുന്നതിനായി, മരച്ചെടികളുടെ വളർച്ചയുടെ പ്രാരംഭ ഘട്ടത്തിൽ (ഏകദേശം 7-10 വയസ്സിൽ) അവയെ കൃത്രിമമായി വളച്ചതാണെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു.
രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഈ പ്രദേശത്തെ ആളുകൾ കുടിയൊഴിഞ്ഞു പോയതുകൊണ്ടാകാം ഇതിന് ഉപയോഗിച്ച സാങ്കേതികവിദ്യ എന്താണെന്ന് പുറത്തറിയാതിരുന്നത്. കനത്ത മഞ്ഞുവീഴ്ചയോ അല്ലെങ്കിൽ അസാധാരണമായ ഗുരുത്വാകർഷണ ബലമോ മൂലമാണ് മരങ്ങൾ വളഞ്ഞതെന്നും ചിലർ പറയുന്നുണ്ട്. കാരണം എന്തായാലും, പോളണ്ടിലെ ഈ ‘വളഞ്ഞ വനം’ ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിക്കുന്ന ഒരു കൗതുകകരമായ സ്ഥലമാണ്.
















