ഡൽഹിയിലെ വായുവിൻ്റെ ഗുണനിലവാരം ഞായറാഴ്ച വളരെ മോശം വിഭാഗത്തിലേക്ക് താഴ്ന്നുവെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) അറിയിച്ചു. മൂടൽമഞ്ഞും കാറ്റിൻ്റെ വേഗത കുറഞ്ഞതുമാണ് വായുവിൻ്റെ ഗുണനിലവാരം ‘വളരെ മോശം’ വിഭാഗത്തിലേക്ക് എത്താൻ കാരണം.
ദേശീയ തലസ്ഥാനത്തെ പല പ്രദേശങ്ങളിലും വായുവിൻ്റെ ഗുണനിലവാര സൂചിക (എക്യുഐ) ‘ഗുരുതര’ പരിധി കടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പലയിടങ്ങളിലും ഇതു 400 കടന്നു.
സിപിസിബി വികസിപ്പിച്ച സമീർ ആപ്പ് പ്രകാരം രാവിലെ 7 മണിക്ക്, വായു ഗുണനിലവാര സൂചിക 377 ആയിരുന്നു. ശനിയാഴ്ചത്തെ 233 ഉം വെള്ളിയാഴ്ചത്തെ 218 ഉം പോയിൻ്റുകളിൽ നിന്ന് ഇത് വലിയ വർദ്ധനവാണ്.
വടക്കൻ ഡൽഹിയിലെ വസീർപൂരും തെക്കൻ ഡൽഹിയിലെ ആർകെ പുരവുമാണ് നഗരത്തിലെ ഏറ്റവും മലിനമായ പ്രദേശങ്ങൾ, യഥാക്രമം 432 ഉം 425 ഉം റീഡിംഗുകൾ ഉണ്ടായിരുന്നു, രണ്ടും ‘ഗുരുതര’ വിഭാഗത്തിൽ പെടുന്നു.
















