നിങ്ങള്‍ വെയ്ക്കുന്ന റീത്തിനു മാത്രമാണ് രാഷ്ട്രീയമുള്ളത്. പക്ഷെ, മരണത്തിനു രാഷ്ട്രീയമില്ല. നിന്നെയും എന്നെയും തേടി അത് വരികതന്നെ ചെയ്യും. അതുവരെ മാത്രമേ രാഷ്ട്രീയം പറയാനാകൂ. സമത്വത്തിനും ജനാധിപത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടം കൂടിയാണ് ജീവിതമെന്ന് ഓര്‍മ്മിപ്പിക്കുന്ന എത്രയോ മരണങ്ങളാണ് KSRTCയില്‍ നടന്നിരിക്കുന്നത്. ജോലിക്കു കൂലിയെന്ന മാന്യമായ നീതിപോലും കിട്ടാതെ മരണപ്പെട്ടവര്‍ മുതല്‍ ജോലിചെയ്ത് രോഗിയായി മരിച്ചവര്‍ വരെയുണ്ട്. അതെല്ലാം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ വസ്തുതകള്‍ മാത്രം വായനക്കാരില്‍ എത്തിക്കുക എന്നതു മാത്രമാണ് ധര്‍മ്മം. എന്നാല്‍, ചില വാര്‍ത്തകള്‍ ഹൃദയവേദനയോടെ മാത്രമേ എഴുതാന്‍ കഴിയാറുള്ളൂ. അത്തരം വാര്‍ത്തകള്‍ക്ക് ആത്മാവുണ്ട്. നമ്മളോട് സംവദിക്കാനുള്ള കഴിവുണ്ട്. വാക്കുകള്‍ക്ക് കനമുണ്ട്. കണ്ണുകള്‍ക്ക് കലക്കവും നീര്‍ച്ചാലുകള്‍ വീഴ്ത്തുന്ന പാടുകളുമുണ്ടാകും.
അത്തരത്തില്‍ ഒരു വാര്‍ത്ത കൂടിയാണിത്. വായിക്കാം..വായിക്കാതിരിക്കാം. പക്ഷെ, ഒരു സത്യം പറയാതെ വയ്യ. എഴുതുന്ന ഓരോ വാര്‍ത്തകള്‍ക്കു പിന്നിലും ജീവനുള്ളവരുടെ നേരും നെറിയുമുണ്ട്. വേദനയും അനുഭവങ്ങളുടെ തീക്ഷ്ണമായ കഥയുണ്ട്. അതില്‍ രാഷ്ട്രീയമോ, മതമോ, ജാതിയോ നോക്കാറില്ലെന്നതാണ് സത്യം. അതുകൊണ്ട് ഈ വാര്‍ത്തയും അത്തരത്തില്‍ ഒന്നാണ്. വകുപ്പുമന്ത്രിയും എം.ഡിയുമൊക്കെ വായിക്കുമെന്നത് വ്യാമോഹമാണെങ്കിലും, KSRTC ജീവനക്കാരുടെ നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍ കൂടിയാണിത്. അവര്‍ നടന്ന ജീവിത വഴികളില്‍ പെട്ടെന്ന് നിന്നുപോകേണ്ടി വരുന്നവരുടെ കഥകള്‍. അതുപറയാനും ആള്‍ക്കാര്‍ ഉണ്ടവണമല്ലോ എന്നുമാത്രം. ഇതൊരു മരണകഥയായിട്ടു മാത്രം വായിക്കപ്പെട്ടാല്‍ മതി.
എറണാകുളം ലിസ്സി ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ കിടന്ന ഒരു രോഗി ഇന്ന് മരണപ്പെട്ടു. ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രീയയ്ക്ക് പേരുകേട്ട് ഡോക്ടറും പേരുകേട്ട ഹോസ്പിറ്റലുമാണത്. ഹൃദയാഘാതം മൂലം അഡ്മിറ്റായ രോഗിയാണ് മരിച്ചത്. രോഗിയുടെ പേര് സുരേഷ്‌ചേര്‍ത്തല അര്‍ത്തുങ്കല്‍ സ്വദേശി. KSRTC ജീവനക്കാരന്‍. കൃത്യം അഞ്ചു ദിവസത്തിനു മുമ്പ് ഒരു വിവരം ലഭിക്കുന്നു. എറണാകുളത്തു വെച്ച് ഒരു KSRTC ജീവനക്കാരന് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായി, ഇപ്പോള്‍ വെന്റിലേറ്ററിലാണെന്ന്. അപ്പോള്‍ത്തന്നെ ബന്ധപ്പെട്ടവരെ വിളിച്ച് വിവരങ്ങള്‍ തിരക്കി. വാര്‍ത്തയാക്കാനുള്ള ശ്രമമായിരുന്നു. എന്നാല്‍, പിന്നീടുണ്ടായ വാര്‍ത്തകളുടെ കുത്തൊഴുക്കില്‍ ഈ വിഷയം വിട്ടുപോയി.
ഇന്നുരാവിലെ എന്റെ വാട്‌സാപ്പില്‍ ഒരു ഫോട്ടോയും, ആദരാഞ്ജലി പോസ്റ്ററും കണ്ടപ്പോള്‍, ഉള്ളില്‍ നിന്നൊരു തരിപ്പുണ്ടായി. എന്തുകൊണ്ടോ എനിക്ക് വല്ലാത്ത കുറ്റബോധവും വേദനയും തോന്നി. വിട്ടുപോകുന്ന വാര്‍ത്തകള്‍ ചിലപ്പോള്‍ ഒരു ജീവന്റെ വിലയോളമാകുന്നതിങ്ങനെയാണ്. അതുകൊണ്ടു തന്നെ ഈ വാര്‍ത്തയില്‍ ഒരല്‍പ്പം കുറ്റബോധവും വേദനയുമുണ്ടാകും. അഞ്ചു ദിവസത്തെ ആശുപത്രി വാസം അവസാനിപ്പിച്ച് സുരേഷ് സ്വര്‍ഗത്തിലേക്കു പോകുമ്പോള്‍, അവിടെ മറ്റൊരു സുരേഷ് ഇരിക്കുന്നുണ്ടാകും. രണ്ടുമാസം മുമ്പ് മരണപ്പെട്ട മറ്റൊരു സുരേഷ്. KSRTC കോട്ടയം ഡിപ്പോയിലും തിരുവനന്തപുരത്ത് സ്‌കാനിയ ഓടുമ്പോഴും ഒരുമിച്ചു ജോലിചെയ്ത സതീര്‍ഥ്യര്‍. രണ്ടു സുരേഷും ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടതും.
രണ്ടുപേരും ചേര്‍ത്തലക്കാര്‍. ആദ്യം മരിച്ച സുരേഷിനെ കുറിച്ച് ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പിലും സോഷ്യല്‍ മീഡിയ ഹാന്റിലുകളിലും ഇന്ന് മരിച്ച സുരേഷ് എഴുതാറുണ്ടായിരുന്നു. ഹൃദയാഘാതം സംഭവിക്കുന്ന ദിവസം രാത്രിയും സഹപ്രവര്‍ത്തകരോടെ ജോലിയെ കുറിച്ചും, ജീവനക്കാര്‍ അനുഭവിക്കു പ്രശ്‌നങ്ങളെ കുറിച്ചും, മരിച്ചു പോയ സഹപ്രവര്‍ത്തകരെ കുറിച്ചുമൊക്കെ സംസാരിച്ചിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. രണ്ടു വര്‍ഷം പാറശാല ഡിപ്പോയില്‍ ജോലി ചെയ്ത ശേഷം ചെങ്ങന്നൂരില്‍ എത്തിയിട്ട് രണ്ടാഴ്ചയേ ആയുള്ളൂ. അപ്പോഴും ജീവിതത്തിന്റെ നല്ല സമയങ്ങള്‍ KSRTCക്കൊപ്പം ചെലവഴിക്കുകയായിരുന്നു സുരേഷ്.
രണ്ടു സുരേഷുമാരുടെ മരണങ്ങള്‍ക്ക് കാരണക്കാര്‍ KSRTC ആണെന്ന് പറയുന്നില്ല. പക്ഷെ, KSRTCയില്‍ മരണ നിരക്ക് കൂടുന്നുണ്ട്. അത് വസ്തുത തന്നെയാണ്. മരണപ്പെടുന്നവരില്‍ അധികവും ഡ്രൈവര്‍മാരാണ്. അവര്‍ മരിക്കാന്‍ കാരണം കൂടുതലായും ഹൃദയാഘാതവും. ഇത്രയും കാരണങ്ങള്‍ മാത്രം മതിയാകും KSRTCയിലെ മരണ നിരക്കിനെ കുറിച്ച് വിശദമായുള്ള പഠനം നടത്താന്‍. രോഗികള്‍ക്ക് ജോലി കൊടുക്കുന്നതാണോ അതോ ജോലി ചെയ്ത് രോഗികള്‍ ആകുന്നതാണോ എന്ന് മനസ്സിലാക്കാന്‍ ഇത് ഉപകരിക്കും. മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് KSRTCയുടെ വണ്ടി ഓടിക്കുന്ന പോലുള്ള ആയാസപ്പെട്ട ജോലികള്‍ അല്ലാത്തതു കൊണ്ടാണിത്. അതുകൊണ്ട് ജീവനക്കാരുടെ ആരോഗ്യം KSRTCയുടെ മുതല്‍ക്കൂട്ടാണ് എന്ന് തിരിച്ചറിയണം. സുരേഷിന്റെ മരണം അറിഞ്ഞ് വികാരാധീനനായി ഒരു സഹപ്രവര്‍ത്തകന്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയ ഒരു കുറിപ്പുണ്ട്. അത് നിങ്ങളുടെ കണ്ണു തുറക്കാനായി ഇവിടെ എഴുതുന്നു.
‘ ഈ ജീവനും കണ്ണില്ലാത്ത ക്രൂരതയ്ക്ക് വാഴ്ത്തു പാടുന്നവര്‍ക്ക് സമര്‍പ്പിക്കുന്നു….സഹപ്രവര്‍ത്തകരുടെ ജീവന്‍ ഓരോന്നായി പൊലിയുമ്പോഴും അന്ധമായ രാഷ്ട്രീയത്തിന് വേണ്ടി, കണ്ണില്ലാത്ത ക്രൂരതയ്ക്ക് കയ്യടിക്കുന്നവരേ, നിങ്ങള്‍ ഉള്ളില്‍ സന്തോഷിക്കുന്നുണ്ടാവാം. പക്ഷെ പൊലിഞ്ഞുവീണ ജീവിതങ്ങളില്‍ അനാഥരാക്കപ്പെട്ട കുറെ കുടുംബങ്ങളുണ്ട്. അവിടെ കുറെ മക്കളും ഭാര്യമാരും, പ്രായമായ മാതാപിതാക്കളുമുണ്ട്. നാളെ അവരൊന്നും നിങ്ങളുടെ ആരുടേയും കുടുംബത്തിലുള്ളവര്‍ ആകാതിരിക്കട്ടെ. ‘
CONTENT HIGH LIGHTS; Suresh, I will also come to you?: They worked together in KSRTC, now they are together in heaven?; A death that is remembered only with pain? (Exclusive)
















