ആധാർ പുതുക്കൽ സുതാര്യവും വേഗതയിലുമാക്കുക എന്ന ലക്ഷ്യത്തോടെ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി.
ഇനി മുതൽ ആധാർ കാർഡുടമകൾക്ക് അക്ഷയ കേന്ദ്രങ്ങളിലോ ആധാര്‍ സേവാ കേന്ദ്രങ്ങളിലേക്കോ പോകേണ്ട ആവശ്യം ഇല്ല. വീട്ടിലിരുന്ന് കൊണ്ട് ആധാർ പുതുക്കാം. പേര്, വിലാസം, ജനന തീയതി, മൊബൈല്‍ നമ്പര്‍ എന്നിവയുള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ ഓണ്‍ലൈനായി പരിഷ്‌കരിക്കാന്‍ കഴിയും വിധത്തിലാണ് പുതിയ ഭേദഗതി.
നവീകരിച്ച ഡിജിറ്റല്‍ സംവിധാനത്തിലൂടെ സമയമെടുക്കുന്ന പേപ്പര്‍വര്‍ക്കുകള്‍ ഒഴിവാക്കി പെട്ടെന്ന് ആധാർ പുതുക്കാനുള്ള സാഹചര്യമൊരുക്കാനുമാണ് ലക്ഷ്യമിടുന്നത്. പാന്‍ കാര്‍ഡ് അല്ലെങ്കില്‍ പാസ്പോര്‍ട്ട് രേഖകള്‍ പോലുള്ള ലിങ്ക് ചെയ്ത സര്‍ക്കാര്‍ ഡാറ്റാബേസുകള്‍ വഴി വിവരങ്ങള്‍ സ്വയമേവ പരിശോധിക്കാൻ ഇതിലൂടെ സാധിക്കും.
അതേസമയം വിരലടയാളങ്ങള്‍, ഫോട്ടോഗ്രാഫുകള്‍, ഐറിസ് സ്‌കാനുകള്‍ ഉള്‍പ്പെടെയുള്ള ബയോമെട്രിക് അപ്ഡേറ്റുകള്‍ക്ക് ഐഡന്റിറ്റി വെരിഫിക്കേഷനായി അംഗീകൃത ആധാര്‍ സേവാ കേന്ദ്രങ്ങളോ അക്ഷയ കേന്ദ്രങ്ങളോ സന്ദര്‍ശിക്കേണ്ടതുണ്ട്. അതോടൊപ്പം 2025 നവംബര്‍ 1 മുതല്‍ ആധാര്‍-പാന്‍ ലിങ്കിംഗ് നിര്‍ബന്ധമാണ്. ലിങ്ക് ചെയ്യാത്ത പക്ഷം 2026 ജനുവരി 1 മുതല്‍ പാന്‍ പ്രവര്‍ത്തനരഹിതമാകും . പുതിയ പാന്‍ കാര്‍ഡ് അപേക്ഷകര്‍ക്ക് ഈ പ്രക്രിയയുടെ ഭാഗമായി ആധാര്‍ പരിശോധന ആവശ്യമാണ്.
content highlight: Aadhar update
















