പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘ഡീയസ് ഈറെ’. സൈക്കോളജിക്കൽ ഹൊറർ ജോണറിലിറങ്ങിയ ചിത്രം പ്രേക്ഷകരെ ശെരിക്കും പേടിപ്പിച്ചു. എങ്ങും ഗംഭീര അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ഡീയസ് ഈറെ എന്നാൽ എന്താണെന്ന് പറയുകയാണ് സംവിധായകൻ രാഹുൽ സദാശിവൻ.
അതൊരു ലാറ്റിൻ വാക്കാണെന്നും സിനിമ കാണുന്നവർക്ക് അത് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സന്യാസിമാർ ശവസംസ്കാര സമയത്ത് ഉരുവിട്ടിരുന്ന ജപമാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. മനോരമയുടെ വാരാന്ത്യപതിപ്പിൽ നൽകിയ അഭിമുഖത്തിലാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്.
‘ഡീയസ് ഈറെ ഒരു അനുഭവം ആയിരിക്കും. അതൊരു ലാറ്റിൻ വാക്കാണ്. സിനിമ കാണുന്നവർക്ക് അത് മനസിലാകും. പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സന്യാസിമാർ ഉരുവിട്ടിരുന്ന ജപമാണ്. ശവസംസ്കാര സമയത്ത് ചൊല്ലുന്ന ജപം. സാഡിസ്റ്റിക് ടോൺ ഉള്ള ഒന്നാണത്. സിനിമയിൽ ഒരു പ്രധാന റോൾ ഇതിനുണ്ട്’, രാഹുൽ പറഞ്ഞു.
അതേസമയം, പ്രണവ് മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഡീയസ് ഈറേ’ മികച്ച പ്രതികരണങ്ങൾ നേടി തിയേറ്ററിൽ മുന്നേറുകയാണ്. ആദ്യ ദിനം 5 കോടിക്കടുത്ത് ചിത്രം നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 4.50 കോടി കളക്ഷൻ സിനിമ ഇന്ത്യയിൽ നിന്ന് നേടിയിട്ടുണ്ട്. പ്രീമിയർ ഷോകളിൽ നിന്ന് മാത്രം സിനിമയ്ക്ക് 80 ലക്ഷത്തിലധികം നേടാനായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സിനിമയിലെ പ്രണവിന്റെ പ്രകടനത്തിന് നിറയെ കയ്യടികളാണ് ലഭിക്കുന്നത്.
















