ന്യൂഡല്‍ഹി: ഡൽഹിയിലെ രൂക്ഷമായ വായു മലിനീകരണത്തിനിടെ ഐ.ഐ.ടി കാൺപൂരുമായി സഹകരിച്ച് ഡൽഹി സർക്കാർ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ കൃത്രിമ മഴ പെയ്യിക്കാനുള്ള പരീക്ഷണം ഏറെ ശ്രദ്ധനേടിയിരുന്നു. എന്നാൽ ഇത് ഇന്ത്യയിലെ ആദ്യത്തെ ക്ലൗഡ് സീഡിങ് ശ്രമമായിരുന്നില്ല. ഏഴ് പതിറ്റാണ്ടുകൾക്ക് മുമ്പ് കൊൽക്കത്തയിൽ ഒരു ശാസ്ത്രജ്ഞൻ നടത്തിയ പരീക്ഷണമാണ് ഇന്ത്യയിലെ ആദ്യത്തെ പരീക്ഷണം.
ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്റെ ആദ്യത്തെ ഇന്ത്യൻ ഡയറക്ടർ ജനറലായ ‘മേഘ് ബാനർജി’ എന്നറിയപ്പെടുന്ന ഡോ. സുധാൻഷു കുമാർ ബാനർജിയാണ് 1952ൽ ജാദവ്പൂരിലെ കോളജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജിയിലെ പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ച് കൊൽക്കത്തയിൽ മഴ പെയ്യിച്ചത്.
1950 കളുടെ തുടക്കത്തിൽ അമേരിക്കയിൽ പോലും ക്ലൗഡ് സീഡിങ് എന്നത് പുതിയ ആശയമായിരുന്ന കാലത്താണ് ബാനർജി അതിനെക്കുറിച്ച് സൂക്ഷ്മമായി പഠിക്കാൻ ആരംഭിച്ചത്. യു.എസ് സന്ദർശന വേളയിൽ അദ്ദേഹം ആദ്യകാല പരീക്ഷണങ്ങൾ നിരീക്ഷിച്ചിരുന്നു. കൂടാതെ ഇന്ത്യയിൽ ഈ പ്രക്രിയ കൂടുതൽ ചെലവ് കുറഞ്ഞതാക്കാനും കൂടുതൽ അനുയോജ്യമാക്കാനും കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചു. ജാദവ്പൂരിൽ ഇതിനായി അദ്ദേഹം സ്വന്തമായി ഉയരമുള്ള ഗ്ലാസ് ക്ലൗഡ് ചേമ്പർ രൂപകൽപന ചെയ്തു. ഔട്ട്ഡോർ പരീക്ഷണങ്ങൾ നടത്തുന്നതിന് മുമ്പ് ഏകദേശം രണ്ട് വർഷത്തോളം ആ ചേംബറിൽ പരീക്ഷണങ്ങൾ നടത്തി.
ഫീൽഡ് പരീക്ഷണങ്ങൾക്കായി ഹൈഡ്രജൻ നിറച്ച ബലൂണുകളിൽ ചെറിയ യന്ത്രങ്ങൾ ഘടിപ്പിച്ചു. ഈ യന്ത്രങ്ങൾ വിതക്കാനുള്ള വസ്തുക്കൾ (seeding material) പുറത്തുവിടാനായി സിൽവർ അയഡൈഡ് നീരാവി, ഡ്രൈ ഐസ്, നിയന്ത്രിത അളവിലുള്ള വെടിമരുന്ന് എന്നിവ ഉപയോഗിച്ചു. അദ്ദേഹത്തിന് വിമാനങ്ങൾ ലഭ്യമല്ലാത്തതിനാൽ ബലൂണുകളാണ് അതിനായി ഉപയോഗിച്ചിരുന്നത്.
പരീക്ഷണങ്ങൾ മിക്കവാറും എല്ലാ ദിവസവും വിജയകരമായിരുന്നുവെന്നും നിലവിൽ എഞ്ചിനീയറിങ് കൺസൾട്ടന്റും ഐ.ഐ.ടി കാൺപൂർ പൂർവ വിദ്യാർഥിയും അദ്ദേഹത്തിന്‍റെ ചെറുമകനും കൂടിയായ രഞ്ജൻ ബാനർജി പറയുന്നു.
വിജയകരമായ പരീക്ഷണങ്ങൾ പിന്നീട് ബോസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ആചാര്യ ജഗദീഷ് ചന്ദ്രബോസ് സ്മാരക പ്രഭാഷണത്തിൽ അവതരിപ്പിക്കുകയും 1955ൽ കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ) കൃത്രിമ മഴ എന്ന പേരിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
ബാനർജിയുടെ യാത്ര
കൊൽക്കത്തയിലെ പ്രസിഡൻസി കോളജിലും കൊൽക്കത്ത സർവകലാശാലയിലും ഗണിതശാസ്ത്രം പഠിച്ച ബാനർജി പിന്നീട് ഡി.എസ്.സി നേടുകയും ചെയ്തു. സയൻസ് കോളജിൽ അധ്യാപനം ആരംഭിക്കുകയും ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഓഫ് സയൻസിൽ സി.വി. രാമന്റെ ആദ്യ ഗവേഷണ സഹായിയായി ജോലി ചെയ്യുകയും ചെയ്തു. പിന്നീട് ഇന്ത്യ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റിൽ ചേർന്നു. 1944ൽ ഒബ്സർവേറ്ററികളുടെ ആദ്യത്തെ ഇന്ത്യൻ ഡയറക്ടർ ജനറലായി ബാനർജി മാറി.
രണ്ടാം ലോകമഹായുദ്ധകാലത്ത് ഇറക്കുമതി ചെയ്ത കാലാവസ്ഥാ ഉപകരണങ്ങൾ ലഭ്യമല്ലാത്തപ്പോൾ കാലാവസ്ഥ ശൃംഖല പ്രവർത്തിപ്പിക്കുന്നതിനായി ബാനർജി തദ്ദേശീയ ബദലുകൾ വികസിപ്പിച്ചെടുത്തു. സ്വാതന്ത്ര്യാനന്തരം ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷനിൽ (ഡബ്ല്യൂ.എം.ഒ) ഇന്ത്യയേയും പിന്നീട് ഏഷ്യയേയും പ്രതിനിധീകരിച്ചു. 1950ൽ അദ്ദേഹം വിരമിച്ചു. തുടർന്ന് അദ്ദേഹം ജാദവ്പൂരിലെ പുതുതായി രൂപീകരിച്ച കോളജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജിയിൽ ഗണിതശാസ്ത്ര പ്രൊഫസറായി ചേർന്നു. പിന്നീടാണ് കൃത്രിമ മഴയുടെ പരീക്ഷണങ്ങളിലേക്ക് തിരിഞ്ഞത്.
കാലാവസ്ഥ വകുപ്പിൽ നിന്ന് അദ്ദേഹത്തിന് ധനസഹായം ലഭിക്കാതിരുന്നതിനാൽ വളരെ കുറഞ്ഞ ബജറ്റിലാണ് പദ്ധതി പൂർത്തിയാക്കിയത്. ഇതിനായി ആവശ്യമായ ബലൂണുകൾ നാഗ്പൂരിലാണ് നിർമിച്ചത്. അതേസമയം ഹൈഡ്രജൻ പ്രാദേശികമായി ലഭ്യമാക്കി. ഇത്തരത്തിൽ ലളിതമായ മാർഗത്തിലൂടെ ക്ലൗഡ് സീഡിങ് രീതി അദ്ദേഹം വികസിപ്പിച്ചെടുത്തു
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി പിന്നീട് അദ്ദേഹത്തിന്റെ പ്രവർത്തനത്തെ അംഗീകരിച്ചു. കൃത്രിമ മഴയുമായി ബന്ധപ്പെട്ട നിരവധി ശ്രമങ്ങൾ 1952 ൽ കൊൽക്കത്തയിൽ ഡോ. എസ്.കെ. ബാനർജി നടത്തി. 2023ൽ ഡൽഹിയിലെ ക്ലൗഡ് സീഡിങ് പദ്ധതിയെക്കുറിച്ചുള്ള റിപ്പോർട്ടിൽ ബി.ബി.സി. ന്യൂസ് പോലും കൃത്രിമ മഴയിൽ പരീക്ഷണം നടത്തിയ ആദ്യത്തെ ഇന്ത്യൻ കാലാവസ്ഥാ ശാസ്ത്രജ്ഞൻ എന്ന് ബാനർജിയെ പരാമർശിച്ചിട്ടുണ്ട്.
പിന്നീട് വലിയ തോതിലുള്ള ഗവേഷണങ്ങൾക്കായി നാഷണൽ ഫിസിക്കൽ ലബോറട്ടറിയിലേക്ക് പദ്ധതി മാറ്റുകയായിരുന്നു. അദ്ദേഹത്തെയും ഈ പരീക്ഷണത്തെയും കുറിച്ചുള്ള പുസ്തകം ലഭ്യമാണ്. മലിനീകരണ നിയന്ത്രണം പോലെയുള്ള കാര്യങ്ങൾക്കായി ഇന്ത്യ വീണ്ടും മേഘവിതാനത്തിലേക്ക് തിരിയുമ്പോൾ ഡോ. എസ്.കെ. ബാനർജിയുടെ കഥ ഒരു പ്രചോദനമാണ്
















