ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് ഉറക്കമില്ലായ്മ. ഉറക്കം കുറയുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, പൊണ്ണത്തടി, വിഷാദം തുടങ്ങിയവ അതിനു ഉദാഹരണങ്ങളാണ്.
തിരക്കേറിയ ജീവിതവും സമ്മര്‍ദ്ദവും ഉറക്കചക്രത്തെ മോശമായി ബാധിക്കും. നല്ല ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തെ നശിപ്പിക്കും. എന്നാല്‍ ഈ അവസ്ഥയെ മറികടക്കാന്‍ ഒരു പരിധി വരെ നിങ്ങളെ സഹായിച്ചേക്കാവുന്ന ഒന്നാണ് മത്തങ്ങ വിത്തുകള്‍. ഇവ വിശ്രമം എളുപ്പമാക്കുകയും ആഴത്തിലുള്ള ഉറക്കത്തെ പ്രോത്സാഹിക്കുകയും ചെയ്യുന്നു.
മത്തങ്ങ വിത്തുകളിലെ മഗ്നീഷ്യം, പേശികളെ വിശ്രമിപ്പിക്കുന്ന ഗുണങ്ങളുള്ളവയാണ്. കൂടാതെ നാഡീവ്യവസ്ഥയെ ശാന്തമാക്കുകയും ചെയ്യുന്നു. മത്തങ്ങ വിത്തുകളിലെ മറ്റൊരു ഘടകമായ ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡ് സെറോട്ടിണിനെ ഉല്‍പാദിപ്പിക്കുകയും ഉറക്കത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.
എപ്പോഴാണ് ഇവ കഴിക്കേണ്ടത് ?
മികച്ച ഉറക്കത്തിനായി വൈകുന്നേരങ്ങളില്‍ മത്തങ്ങ വിത്തുകള്‍ കഴിക്കാന്‍ ശ്രമിക്കുക. ട്രിപ്‌റ്റോഫാന്‍ ഫലപ്രദമാക്കാന്‍ കാര്‍ബോഹൈഡ്രേറ്റ് ആവശ്യമുണ്ട്. അതിനാല്‍ ഇവ പഴവും തൈരുമായി ചേര്‍ത്ത് കഴിച്ചാല്‍ കൂടുതല്‍ ഗുണം ലഭിക്കും. ഇനി ഉറങ്ങുന്നതിന് മുന്‍പ് രാത്രി ലഘുഭഷണമായി കഴിക്കുന്നതും മികച്ച ഫലം നല്‍കും. അധിക പോഷണത്തിനായി സ്മൂത്തികളിലും ഇവ ചേര്‍ക്കാവുന്നതാണ്.
















