തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കും. മുൻ അരുവിക്കര MLA ശബരിനാഥൻ ഉൾപ്പടെയുള്ളവർ മത്സരിക്കും.
കോർപ്പറേഷനിലേക്കുള്ള മത്സരത്തിൽ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിലെ ഇളമുറക്കാരി കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് വൈഷ്ണ സുരേഷുമുണ്ട്.
ജില്ലയിലെ കോൺഗ്രസിൻ്റെ സമരങ്ങളിലും സജീവമായ 24 വയസ്സുകാരി വൈഷ്ണ സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ മുട്ടട വാർഡിൽ നിന്നാകും മത്സരിക്കുക. ടെക്നോപാർക്ക് ജീവനക്കാരിയായ വൈഷ്ണ പേരൂർക്കട ലോ കോളജിലെ നിയമ വിദ്യാർഥിനി കൂടിയാണ്. തിരുവനന്തപുരം പ്രസ് ക്ലബിൽ നിന്ന് ജേർണലിസത്തിൽ ഡിപ്ലോമ നേടിയ ശേഷം വിവിധ ടിവി ചാനലുകളിലും നഗരത്തിലെ പ്രധാന ഷോകളിലും അവതാരകയായിരുന്നു.
ശബരിയുടെ വീട് സ്ഥിതി ചെയ്യുന്ന ശാസ്തമംഗലം വാർഡ് വനിതാ സംവരണമായതിനാൽ കവടിയാറിൽ നിന്നാകും അദ്ദേഹം മത്സരിക്കുക. ശബരീനാഥനൊപ്പം യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ നേമം ഷജീർ, വീണ എസ് നായർ, തുടങ്ങിയവരും മത്സരിക്കുമെന്നാണ് വിവരം. 100 സീറ്റുകളുണ്ടായിരുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ 9 അംഗങ്ങൾ മാത്രമാണ് കോൺഗ്രസിനുള്ളത്.
















