വർക്കലയിൽ ട്രെയിനിൽ നിന്ന് പെൺകുട്ടിയെ ട്രാക്കിലേക്ക് തള്ളിയിട്ടത് സഹയാത്രികനെന്ന് ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്ത്. പെൺകുട്ടി ട്രെയിനിൽ നിന്നും ഇറങ്ങാനായ സമയത്താണ് സംഭവമെന്ന് സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു. സുഹൃത്ത് ബാത്ത്റൂമിൽ പോയ സമയത്താണ് പുറത്തേക്ക് നോക്കി നിന്ന യുവതിയെ പ്രതിയായ സുരേഷ് കുമാർ ചവിട്ടി തള്ളിയിട്ടത്. സംഭവത്തിൽ ഇയാളെ പൊലീസ് കസ്റ്റഡിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കോട്ടയത്ത് നിന്നാണ് ഇയാൾ ട്രെയിനിൽ കയറിയത്. പ്രതി പെയിൻ്റിംഗ് തൊഴിലാളിയാണെന്ന് പൊലീസ് പറയുന്നു. ഇയാൾ വ്യത്യസ്ഥമായ മൊഴികളാണ് പൊലീസിന് നൽകുന്നത്. പ്രതി മദ്യലഹരിയിലാണെന്ന സംശയത്തിലാണ് പൊലീസ്. ഇയാളെ മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോയി. അതേസമയം, സുഹൃത്തിനേയും പ്രതി ഉപദ്രവിക്കാൻ ശ്രമിച്ചതായും വിവരമുണ്ട്. ആലുവയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു പെൺകുട്ടികൾ. ഇവർ ജനറൽ കോച്ചിലാണ് യാത്ര ചെയ്തിരുന്നത്.
അതേസമയം, ആരോഗ്യനില ഗുരുതരമായ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. എന്താണ് സംഭവത്തിന് പ്രകോപനമെന്ന് വ്യക്തമല്ല. കൊച്ചുവേളിയിൽ നിന്നാണ് പ്രതിയെ കസ്‌റ്റഡിയിലെടുത്തത്. തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിലാണ് യുവതിയും സുഹൃത്തും യാത്ര ചെയ്തിരുന്നത്. അയന്തി മേൽപ്പാലത്തിനു സമീപത്തുവെച്ചാണ് ആക്രമണമുണ്ടായത്. പ്രതി ട്രെയിനിൽ വെച്ചാണ് മദ്യപിച്ചത്. ട്രാക്കിൽ കിടന്ന യുവതിയെ എതിരെ വന്ന മെമു ട്രെയിൻ നിർത്തി അതിൽ കയറ്റിയാണ് വർക്കല സ്റ്റേഷനിൽ എത്തിച്ചത്. ആരോ തള്ളിയിട്ടതാണെന്ന സംശയം പൊലീസിനുണ്ടായിരുന്നു. സംഭവത്തിൻ്റെ അടിസ്ഥാനത്തിൽ റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
Story Highlights : passenger-pushed-off-train-attacker-was-drunk-woman-in-critical-condition
















