മലപ്പുറത്ത് ആദിവാസി വിഭാഗത്തില്‍പ്പെട്ടവരെ ഉള്‍പ്പെടെ ആശുപത്രിയില്‍ കൊണ്ടുപോയതിനുള്ള വാഹനവാടക മുടങ്ങിയതായി പരാതി. ഒന്‍പതു മാസമായി പണം ലഭിക്കുന്നില്ലെന്ന് നിലമ്പൂര്‍ അകമ്പാടത്തെ ഡ്രൈവര്‍മാര്‍ പറയുന്നത്. ട്രൈബല്‍ ഡയറക്ടര്‍ ഡിഎംഒ മുഖേന നല്‍കുന്ന പണമാണ് മുടങ്ങിയത്.
നിലമ്പൂരിലെ പന്തീരായിരം ഉള്‍വനത്തിലെ അമ്പുമല, വെറ്റിലക്കൊല്ലി, പാലക്കയം തുടങ്ങിയ ഉന്നതികളിലെ ജനങ്ങളെ ആശുപത്രിയില്‍ കൊണ്ട് പോയ പണം ആണ് ലഭിക്കാത്തത്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് 25 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ജീപ്പ് പോലെയുള്ള വാഹനങ്ങള്‍ക്ക് മാത്രമേ പോകാന്‍ സാധിക്കൂ.
ചികിത്സയും പുനരധിവാസവും എന്ന പേരില്‍ ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആണ് പണം നല്‍കിയിരുന്നത്. അത് മുടങ്ങിയതിനാല്‍ ഡ്രൈവര്‍മാര്‍ പ്രതിസന്ധിയിലായി. ഊരുകളിലേക്ക് ഉള്ള റോഡും മോശമാണ്. വന്യമൃഗ ശല്യവും ഉണ്ട്. അതിനെയൊക്കെ തരണം ചെയ്താണ് സേവനം നടത്തുന്നതെന്നും കുടിശിക അനുവദിക്കണമെന്നുമാണ് ഡ്രൈവര്‍മാരുടെ ആവശ്യം.
STORY HIGHLIGHT : rental of vehicle that takes tribals to hospital was suspended
















