വർക്കല: ഓടുന്ന ട്രെയിനിൽ നിന്നും യുവതിയെ തള്ളിയിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സഹയാത്രികന്റെ ആക്രമണമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. പാലോട് സ്വദേശിനി സോനയെ തള്ളിയിട്ടത് പനച്ചമൂട് സ്വദേശിയായ സുരേഷ് കുമാറാണ് എന്ന് പൊലീസ് സ്ഥിരീകരിച്ചു. പൊലീസ് പിടികൂടിയ ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
സോനയോടൊപ്പം യാത്ര ചെയ്തിരുന്ന സുഹൃത്ത് നൽകിയ മൊഴിയിലാണ് സംഭവം പുറത്തുവന്നത്. സുഹൃത്ത് ശുചിമുറിയിലേക്ക് പോയ സമയത്താണ് പുറത്ത് നിൽക്കുന്ന സോനയെ സുരേഷ് കുമാർ അപ്രതീക്ഷിതമായി ചവിട്ടി തള്ളിയതെന്ന് സുഹൃത്ത് പറഞ്ഞു. സോനയും സുഹൃത്തും ആലുവയിൽ നിന്നാണ് ട്രെയിനിൽ കയറിയത്. തിരുവനന്തപുരം ഭാഗത്തേക്ക് എത്തിയപ്പോഴായിരുന്നു സുരേഷ് കുമാറിന്റെ ആക്രമണം.
സുരേഷ് കുമാറിനെ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാൾ പെയിന്റിങ് തൊഴിലാളിയാണ്. ചോദ്യം ചെയ്യലിൽ ഇയാൾ പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകുന്നതെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിലായിരുന്നു സോന യാത്ര ചെയ്തിരുന്നത്. അയന്തി മേൽപ്പാലത്തിനു സമീപം നടന്ന ആക്രമണത്തിൽ ട്രാക്കിലേക്കു വീണ സോനയെ എതിരെ വന്ന മെമു ട്രെയിനിൽ കയറ്റി വർക്കല സ്റ്റേഷനിലേക്ക് എത്തിച്ച ശേഷമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
















