സൊനോറ: മെക്സിക്കോയിൽ സൂപ്പർമാർക്കറ്റിൽ വൻ സ്ഫോടനം. ഇതേ തുടർന്നുണ്ടായ തീപിടിത്തത്തിൽ കുട്ടികളും സ്ത്രീകളുമടക്കം 23 പേരാണ് കൊല്ലപ്പെട്ടത്. അപകടത്തിൽ സൂപ്പർ മാർക്കറ്റിലുണ്ടായിരുന്ന 12ഓളം പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെക്സിക്കോയിലെ വടക്കൻ സംസ്ഥാനമായ സൊനോറയുടെ തലസ്ഥാനമായ ഹെർമോസില്ലോയിലാണ് സംഭവം.
ട്രാൻസ്ഫോർമറിൻ്റെ തകരാറു മൂലമാകാം തീപിടിത്തമുണ്ടായതെന്നാണ് പോലീസിൻ്റെ നിഗമനം. വിഷവാതകം ശ്വസിച്ചാണ് കൂടുതൽ ആളുകളും മരിച്ചതെന്ന് ഫോറൻസിക് മെഡിക്കൽ സർവീസ് സംസ്ഥാന അറ്റോർണി ജനറൽ ഗുസ്താവോ സലാസ് വ്യക്തമാക്കുന്നത്. മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള നടപടികൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
















