മൂന്നാറിലെത്തിയ മുംബൈ സ്വദേശിനിയ്ക്ക് ദുരനുഭവം. ടാക്സി ഡ്രൈവർമാരിൽ നിന്നും പൊലീസിൽ നിന്നും നേരിട്ട ദുരനുഭവമാണ് വിനോദസഞ്ചാരിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
മുംബൈയിൽ അസിസ്റ്റന്റ് പ്രഫസറാണ് യുവതി. ഓൺലൈനായി ബുക്ക് ചെയ്ത ടാക്സിയിൽ കൊച്ചിയും ആലപ്പുഴയും സന്ദർശിച്ച ശേഷമാണ് ജാൻവിയും സുഹൃത്തുക്കളും മൂന്നാറിലെത്തിയത്. മൂന്നാറിൽ ഓൺലൈൻ ടാക്സികൾക്ക് നിരോധനമാണെന്നും കോടതി ഉത്തരവുണ്ടെന്നും പറഞ്ഞ് ഒരു സംഘം തടഞ്ഞു. സ്ഥലത്തെ ടാക്സി വാഹനത്തിൽ മാത്രമേ പോകാൻ അനുവദിക്കുകയുള്ളൂവെന്ന് അറിയിച്ചതോടെ യുവതി പൊലീസിന്റെ സഹായം തേടി. എന്നാൽ സ്ഥലത്തെത്തിയ പൊലീസും ഇതേ നിലപാട് സ്വീകരിച്ചു.
ജാൻവി പറയുന്നു;
ദുരനുഭവം ഒരിക്കലും മറക്കാനാകില്ല. ഇനി ഒരിക്കലും കേരളം സന്ദർശിക്കാൻ വരില്ല. ഉപഭോക്താക്കൾക്ക് അവരുടെ ഗതാഗത രീതി തിരഞ്ഞെടുക്കാൻ ഭരണഘടനാപരമായ അവകാശമുണ്ട്. യൂണിയൻ ടാക്സി ഡ്രൈവർമാർ ഓൺലൈൻ ടാക്സി നിരക്കിനെക്കാൾ മൂന്നിരട്ടി തുകയാണ് ആവശ്യപ്പെട്ടത്. എന്റെ അനുഭവം ഓൺലൈനിൽ പങ്കുവച്ചതിനു ശേഷം, വിവിധ സംസ്ഥാനങ്ങളിൽ സമാനമായ പീഡനം നേരിട്ടതായി അവകാശപ്പെടുന്ന മറ്റുള്ളവരിൽനിന്ന് സന്ദേശങ്ങൾ ലഭിച്ചു. ചിലരെ രാത്രി വൈകി ടാക്സി ഗ്രൂപ്പുകൾ പിന്തുടർന്നു,
മറ്റുള്ളവരെ സുരക്ഷിതമല്ലാത്ത ഹോട്ടലുകളിൽ താമസിക്കാൻ നിർബന്ധിതരാക്കി. കേരളത്തിന്റെ സൗന്ദര്യവും ആതിഥ്യമര്യാദയും പ്രശംസനീയമാണ്. എനിക്ക് കേരളത്തെ വളരെ ഇഷ്ടമായിരുന്നു. പക്ഷേ എനിക്ക് സുരക്ഷിതത്വം തോന്നാത്ത ഒരു സ്ഥലം സന്ദർശിക്കാൻ എനിക്ക് ഇനി കഴിയില്ല.
















