കണ്ണൂർ: തിരുവനന്തപുരം കോർപറേഷനിൽ കോൺഗ്രസ് – ബിജെപി ധാരണയെന്ന ആരോപണവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കോൺഗ്രസ് തിരുവനന്തപുരം കോർപറേഷനിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് ആ ധൈര്യത്തിലാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിൽ മുൻ എംഎൽഎ ശബരീനാഥിനെ മുൻനിർത്തി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള കോൺഗ്രസിന്റെ തീരുമാനം സംബന്ധിച്ചും വി ശിവൻകുട്ടി പ്രതികരിച്ചു.
ശബരീനാഥനെ ഇറക്കിയാലും തിരുവനന്തപുരം കോർപറേഷൻ പിടിക്കാൻ കോൺഗ്രസിനാകില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. വി.ഡി. സതീശൻ തന്നെ മത്സരിച്ചാലും എൽഡിഎഫ് മികച്ച വിജയം നേടും. കോൺഗ്രസ് – ബിജെപി ധാരണയുടെ ധൈര്യമാണ് കോൺഗ്രസിനെന്നും അദ്ദേഹം ആരോപിച്ചു.
ട്രെയിനിലെ സുരക്ഷയുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ ശ്രദ്ധ കാണിക്കുന്നില്ലെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി. കേരളത്തിലുള്ള യുഡിഎഫിന്റെ എംപിമാരും ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശന്റെ മുസ്‍ലിംവിരുദ്ധ പരാമർശത്തോട് ഇടതുപക്ഷത്തിനു യോജിപ്പില്ല. മതേതരത്വത്തെ കളങ്കപ്പെടുത്തുന്ന വാക്കുകൾ ആരുടെ ഭാഗത്തുനിന്നും പാടില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
















