കുടുബത്തോടൊപ്പം ഒത്തുചേർന്ന് തന്റെ 49-ാം പിറന്നാൾ ആഘോഷമാക്കി നടൻ കുഞ്ചാക്കോ ബോബൻ. ജന്മദിനത്തിൽ ആശംസകൾ അറിയിച്ച എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു. പിറന്നാളിന്റെ സന്തോഷം ഇരട്ടിയാക്കിയത് വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീം നേടിയ വിജയമാണെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.
View this post on Instagram
‘‘എന്റെ ദിവസം മനോഹരമാക്കിയതിനും എനിക്ക് നൽകിയ സ്നേഹത്തിനും, ആശംസകൾക്കും പ്രാർഥനകൾക്കും എല്ലാവർക്കും നന്ദി. എന്റെ കുടുംബം, സുഹൃത്തുക്കൾ, സിനിമാ ലോകം എന്റെ പേരിൽ നിരവധി ചാരിറ്റി പരിപാടികൾ നടത്തിയ എല്ലാവർക്കും എല്ലാ നല്ല മനസ്സുകൾക്കും ഉമ്മ. കൂടാതെ, നമ്മുടെ വനിതാ ടീം ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിയത് എന്റെ പിറന്നാളിന് മധുരം കൂട്ടി.’’ കുഞ്ചാക്കോ ബോബൻ കുറിച്ചു.
49 വയസ്സ് തികഞ്ഞ കുഞ്ചാക്കോ ബോബൻ, തന്റെ 21-ാം വയസ്സിൽ ‘അനിയത്തിപ്രാവ്’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മലയാള സിനിമയിൽ ചുരുങ്ങിയ കാലംകൊണ്ടുതന്നെ വലിയ ആരാധക പിന്തുണ നേടുകയും നൂറോളം ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ കരിയറിൽ ‘നിറം’ എന്ന ചിത്രം പ്രത്യേക ശ്രദ്ധ നേടിയിരുന്നു.
















