പാകിസ്ഥാൻ രഹസ്യമായി ആണവ പരീക്ഷണങ്ങൾ നടത്തുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതിന് മറുപടിയായി അമേരിക്ക സ്വന്തം ആണവ പരീക്ഷണങ്ങൾ പുനരാരംഭിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. റഷ്യ, ചൈന, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങൾ ആണവ പരീക്ഷണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ, 30 വർഷത്തെ മൊറട്ടോറിയം അവസാനിപ്പിച്ചുകൊണ്ട് അമേരിക്കയും പരീക്ഷണം തുടങ്ങുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്.
പാകിസ്ഥാൻ ഭൂമിക്കടിയിൽ രഹസ്യമായി ആണവ പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്ന് സിബിഎസ് ന്യൂസിന്റെ ’60 മിനിറ്റ്‌സ്’ എന്ന പരിപാടിയിൽ ആണ് ട്രംപ് ആരോപിച്ചത്. ഒരു അമേരിക്കൻ പ്രസിഡന്റ് പാകിസ്ഥാനെതിരെ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത് ഇതാദ്യമായാണ്. “അവർ പരീക്ഷണം നടത്തുന്നതുകൊണ്ട് നമ്മളും പരീക്ഷണം നടത്തും,” ട്രംപ് പറഞ്ഞു.
നിലവിൽ ലോകത്തിലെ ഏറ്റവും കൂടുതൽ ആണവായുധങ്ങൾ അമേരിക്കയുടെ പക്കലുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ആണവ നിർവ്യാപന വിഷയങ്ങൾ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് എന്നിവരുമായി ചർച്ച ചെയ്തതായും ട്രംപ് അറിയിച്ചു.
ഈ വർഷം ആദ്യം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒരു അണുയുദ്ധം നടക്കുന്നത് താൻ തടഞ്ഞുവെന്നും ട്രംപ് അഭിമുഖത്തിൽ ആവർത്തിച്ചു. ‘താരിഫ് നയതന്ത്രം’ (Tariff diplomacy) ഉപയോഗിച്ചാണ് ഇരു രാജ്യങ്ങളെയും പിന്തിരിപ്പിച്ചതെന്നാണ് ട്രംപിന്റെ അവകാശവാദം.
“നിങ്ങൾ വേഗം ഒരുകരാറുണ്ടാക്കിയില്ലെങ്കിൽ അമേരിക്കയുമായി വ്യാപാരം നടത്താൻ പോകുന്നില്ല,” എന്ന് ഇരു രാജ്യങ്ങളോടും പറഞ്ഞതായും ട്രംപ് വെളിപ്പെടുത്തി. ഇത് കേട്ടതോടെ അവർ പ്രശ്നം പരിഹരിച്ച് യുദ്ധം നിർത്തിയെന്നും അദ്ദേഹം പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ അടക്കമുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഈ പരാമർശം.
എന്നാൽ, ട്രംപിന്റെ ഈ അവകാശവാദങ്ങളെ ഇന്ത്യ നിരസിച്ചു. ഇരു രാജ്യങ്ങളിലെയും ഡിജിഎംഒമാർ (DGMO) തമ്മിലുള്ള ഉഭയകക്ഷി ചർച്ചയിലൂടെയാണ് വെടിനിർത്തൽ സാധ്യമായതെന്ന് ഇന്ത്യ ആവർത്തിച്ചു.
















