ആശംസകളോടെയും ആർപ്പുവിളികളോടെയും തുടങ്ങിയ ഒരു കല്യാണം, അവസാനം അടിയുടെയും ഇടിയുടെയും ബഹളത്തിൽ അവസാനിച്ചു എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? സംഗതി സത്യമാണ്! ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിലാണ് സംഭവം. അടി നടന്നത് സ്ത്രീധനത്തിന്റെ പേരിൽ ഒന്നും അല്ല, വെറും ഒരു ചിക്കൻ കറിയുടെ പേരിൽ. സദ്യയിലെ ചിക്കൻ ഫ്രൈ കിട്ടാൻ വേണ്ടി വരന്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിൽ നടന്ന ഒരു കിടിലൻ ‘പോരാട്ടത്തിന്റെ’ കഥയായിരുന്നു അവിടെ അരങ്ങേറിയത്.
ഇന്ന് ആയിരുന്നു ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിൽ ഈ സംഭവം അരങ്ങേറിയത്. ഒരു വിവാഹ സൽക്കാരത്തിനിടെ ചിക്കൻ ഫ്രൈയുടെ വിതരണത്തെ ചൊല്ലിയുണ്ടായ തർക്കമാണ് വരന്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിലുള്ള കയ്യാങ്കളിയിലേക്ക് വഴിമാറിയത്. സന്തോഷകരമായി നടക്കേണ്ടിയിരുന്ന ചടങ്ങുകൾക്ക് അവസാനം വഴക്കിൽ ആണ് കലാശിച്ചത്. ചിക്കൻ ഫ്രൈ കൗണ്ടറിൽ കല്യാണത്തിന് വന്ന അതിഥികൾ തടിച്ചുകൂടിയതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്, ഇത് പിന്നീട് വലിയൊരു കൂട്ടത്തല്ലായി മാറുകയായിരുന്നു.
സംഘർഷം അതിരുവിട്ടതോടെ സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തിൽ ഒരു ഹൃദ്രോഗിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. “ഞങ്ങൾ വിവാഹത്തിന് വന്നതാണ്. ചിക്കൻ ഫ്രൈ എടുക്കുന്നതിനിടെയാണ് വഴക്ക് തുടങ്ങിയത്. അവിടെ സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു, തിക്കിലും തിരക്കിലും ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു,” ഒരു ദൃക്‌സാക്ഷി എൻഡിടിവിയോട് പറഞ്ഞു. സംഘർഷത്തിന്റെ വീഡിയോ ദൃശ്യങ്ങളിൽ ആളുകൾ പരസ്പരം ആക്രമിക്കുന്നതും ഓടി രക്ഷപ്പെടുന്നതും കാണാമായിരുന്നു.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ, പോലീസിന്റെ സംരക്ഷണയിലാണ് വിവാഹച്ചടങ്ങുകൾ പിന്നീട് പൂർത്തിയാക്കിയത്. ഒരു ചിക്കൻ ഫ്രൈയുടെ പേരിൽ നടന്ന ഈ അപ്രതീക്ഷിത പോരാട്ടം, ബിജ്‌നോറിലെ വിവാഹ സൽക്കാരത്തെ അവിസ്മരണീയമായ ഒരു ദുരന്തസംഭവമാക്കി മാറ്റുകയായിരുന്നു.
















