കെഎസ്ആർടിസി ബസിൽ വെച്ച് യാത്രക്കാരിയുടെ പഴ്സ് തട്ടിപ്പറിച്ച് കടന്നുകളഞ്ഞ തമിഴ്‌നാട് സ്വദേശിനികൾക്ക് തിരുവനന്തപുരം കോടതി തടവുശിക്ഷ വിധിച്ചു. പുതുതായി നിലവിൽ വന്ന ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) 304–ാം വകുപ്പ് പ്രകാരമുള്ള പിടിച്ചുപറി കുറ്റത്തിന് കേരളത്തിൽ രേഖപ്പെടുത്തുന്ന ആദ്യത്തെ വിധി കൂടിയാണിത്. തെങ്കാശി സ്വദേശിനികളായ മഹേശ്വരി, പാർവതി എന്നിവരെയാണ് ഒരു വർഷം തടവിനും രണ്ടായിരം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്. പിഴത്തുക കേസിൽ ഒന്നാം സാക്ഷിയായ യാത്രക്കാരിക്ക് നൽകാനും കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി നാലിലെ സിവിൽ ജഡ്‌ജി (ജൂനിയർ ഡിവിഷൻ) ശ്വേത ശശികുമാറാണ് വിധി പ്രസ്താവിച്ചത്.
കഴിഞ്ഞ 2025 ജൂലൈ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് അമ്പലംമുക്ക് ബസ് സ്റ്റോപ്പിൽ നിർത്തിയ സമയം, പേരൂർക്കടയിൽ നിന്ന് ബസിൽ കയറിയ പാലോട് സ്വദേശിയായ യാത്രക്കാരിയുടെ പഴ്‌സാണ് പ്രതികൾ തന്ത്രപരമായി തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്. എന്നാൽ, പേരൂർക്കട പോലീസ് അന്ന് തന്നെ പ്രതികളെ അതിവേഗം പിടികൂടി കേസ് രജിസ്റ്റർ ചെയ്തു. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ സമാനമായ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ഈ പ്രതികൾ പലപ്പോഴും വ്യാജ പേരും വിലാസവുമാണ് നൽകിയിരുന്നത്. ജാമ്യത്തിലിറങ്ങി ഒളിവിൽ പോകുന്ന ഈ രീതിയിലുള്ള തമിഴ്‌നാട് സംഘങ്ങളുടെ കുറ്റകൃത്യങ്ങൾ തടയുന്നതിൽ ഈ വിധി നിർണായകമായേക്കും.
കേസ് അന്വേഷണം രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കി അതിവേഗം കുറ്റപത്രം സമർപ്പിക്കുകയും വിചാരണ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്.അരുൺ ഹാജരായി. പുതിയ ക്രിമിനൽ നിയമത്തിലെ, പുതുതായി ഉൾപ്പെടുത്തിയ പിടിച്ചുപറി വകുപ്പ് പ്രകാരമുള്ള ഈ ആദ്യ ശിക്ഷാവിധി കുറ്റകൃത്യങ്ങൾ തടയുന്നതിന് ഒരു ശക്തമായ സന്ദേശം നൽകുമെന്നാണ് വിലയിരുത്തൽ.
















