പത്തനംതിട്ടയിൽ ഹാക്കിങ് വഴി വിവരങ്ങൾ ചോർത്തി നൽകാമെന്ന് പരസ്യം നൽകിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ കോട്ടമുകള്‍ സ്വദേശിയായ 23 കാരനായ ജോയല്‍ ആണ് അറസ്റ്റിലായത്. കേന്ദ്ര ഏജന്‍സികളുടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് ദിവസം മുമ്പ് പത്തനംതിട്ട പോലീസ് ജോയലിനെ അറസ്റ്റ് ചെയ്തത്.
പണം മുടക്കാൻ തയാറായാൽ ആര്‍ക്കുവേണെമെങ്കിലും ആരുടേയും ലൈവ് ലൊക്കേഷൻ കോൾ വിവരങ്ങൾ ഹാക്കിങ് വഴി എടുത്ത് നൽകാം എന്ന് സമൂഹ മാധ്യമങ്ങൾ വഴി പറയുന്ന വീഡിയോ പരസ്യം ചെയ്തതിന് പിന്നാലെയാണ് സൈബർ പോലീസ് പ്രതിയെ പിടികൂടുന്നത്.
ജോയൽ ഹൈദരാബാദിലെ സ്വകാര്യ ഡിക്റ്റക്ടീവ് ഏജന്‍സിക്ക് വേണ്ടി ജോലിചെയ്യുന്ന ആളായിരുന്നു. പരസ്യം ചെയ്തത് പോലെ ചിലർക്ക് ഫോൺ ഹാക്ക് ചെയ്ത് നൽകിയിട്ടും ഉണ്ട്. ചിലയുവാക്കള്‍ തങ്ങളുടെ കമിതാക്കളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇയാളുടെ സേവനം ഉപയോഗപ്പെടുത്തിയിരുന്നുവെന്നാണ് വിവരം. ഇയാളെ കേന്ദ്ര ഏജന്‍സികളും ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ട്. അതുപോലെ ഇയാളുടെ സേവനം തേടിയവര്‍ ആരൊക്കെയെന്ന് അന്വേഷിക്കുന്നതും ഉണ്ട്.
















