കോഴിക്കോട്: താമരശ്ശേരി ഫ്രഷ് കട്ട് വിഷയം വീണ്ടും ചൂടുപിടിക്കുന്നു. ഫാക്ടറി തുറന്ന് പ്രവർത്തിക്കാൻ ജില്ലാ കലക്ടർ നൽകിയ അനുമതിക്കെതിരെ സമരസമിതി വീണ്ടും അനിശ്ചിതകാല സമരത്തിന് തയ്യാറെടുക്കുകയാണ്.നാളെ വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന അനിശ്ചിതകാല സമരം എം എൻ കാരശേരി ഉദ്ഘാടനം ചെയ്യും. ഫ്രഷ് കട്ട് വിഷയത്തിൽ നേരത്തെ നടന്ന പ്രതിഷേധങ്ങൾക്കും സംഘർഷങ്ങൾക്കും പിന്നാലെ ഫ്രഷ് കട്ട് തുറന്ന് പ്രവർത്തിക്കാൻ ജില്ലാ കളക്ടർ നൽകിയ അനുമതിക്കെതിരെ വീണ്ടും സമരം ചെയ്യാനാണ് സമരസമിതിയുടെ തീരുമാനം.
ഇതിനിടെ, വിഷയവുമായി ബന്ധപ്പെട്ട് താമരശ്ശേരി പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ മുസ്ലിം ലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു. കട്ടിപ്പാറ ദൈവത്തിന്റെ സ്വന്തം നാടിന് അപമാനമെന്നും ശ്വസിക്കാൻ വേണ്ടിയുള്ള പോരാട്ടത്തിലാണ് ജനങ്ങളെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി വ്യക്തമാക്കി. പൊലീസിന്റെ നരനായാട്ടാണ് താമരശ്ശേരിയിൽ നടക്കുന്നതെന്ന് സ്ഥലം എം എൽ എ എം കെ മുനീർ പ്രതികരിച്ചു.
അതേസമയം, ഡിവൈഎഫ്ഐ സമരസമിതിക്ക് പിന്തുണ പ്രഖ്യാപിച്ചു. “ജനങ്ങളുടെ ന്യായമായ സമരത്തെ അടിച്ചമർത്തി ഫാക്ടറി തുറന്ന് പ്രവർത്തിക്കാമെന്നത് ഉടമകളുടെ വ്യാമോഹമാണ്. അതിന് വഴങ്ങാനാവില്ല,” എന്ന് ഡിവൈഎഫ്ഐ താമരശ്ശേരി ബ്ലോക്ക് സെക്രട്ടറി വ്യക്തമാക്കി. വിഷയത്തിൽ ജില്ലാ കലക്ടർ വിളിച്ച രാഷ്ട്രീയകക്ഷി യോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു. ജനപ്രതിനിധികളെ യോഗത്തിലേക്ക് വിളിക്കാത്തതിനെതിരെ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം നടന്നത്.
സമരസമിതിയുടെ പ്രഖ്യാപനത്തോടെ താമരശ്ശേരിയിൽ വീണ്ടും സംഘർഷഭീതിയും ഉത്കണ്ഠയും നിലനിൽക്കുകയാണ്.
















