വായുമലിനീകരണം കുറയ്ക്കാൻ ഡൽഹിയിൽ നടത്തിയ ക്ലൗഡ് സീഡിങ് പരീക്ഷണം പ്രതീക്ഷിച്ച ഫലമുണ്ടാക്കാനായില്ല. കൃത്രിമ മഴ പെയ്യാത്തതിന്റെ പ്രധാന കാരണം ഈർപ്പക്കുറവാണെന്ന് പരിസ്ഥിതി മന്ത്രി മൻജിന്ദർ സിങ് സിർസ വ്യക്തമാക്കി. സാധാരണയായി 50 ശതമാനത്തിലധികം ഈർപ്പം ആവശ്യമായിടത്ത്, ഇന്നലെ 10 മുതൽ 15 ശതമാനം മാത്രമേ ഈർപ്പം ഉണ്ടായിരുന്നുള്ളൂ.
മിക്കയിടത്തും വായു ഗുണനിലവാര സൂചിക 350 നു മുകളിൽ രേഖപ്പെടുത്തി. ആനന്ദ് വിഹാർ അക്ഷർധാം എന്നിവിടങ്ങളിൽ ഇത് 400 നു മുകളിലാണ്. കാലാവസ്ഥ അനുകൂലമായാൽ ഇന്ന് വീണ്ടും ക്ലൗഡ് സീഡിങ് നടത്തിയേക്കും. മലിനീകരണം കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഡൽഹിയില്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നടത്തിയ ക്ലൗഡ് സീഡിംഗ് പ്രതീക്ഷിച്ചതുപോലെ ഉള്ള ഫലമല്ല നൽകിയത്. ഡൽഹിയുടെ അന്തരീക്ഷത്തിൽ ഉള്ള മേഘങ്ങൾക്ക് ഈർപ്പം കുറവായതാണ് തിരിച്ചടിക്ക് കാരണം.
എന്താണ് ക്ലൗഡ് സീഡിംഗ്
മേഘങ്ങളുടെ ഘടനയിൽ മാറ്റം വരുത്തി മഴയുടെ അളവ് കൂട്ടാനോ, അല്ലെങ്കിൽ കൃത്രിമമായി മഴ പെയ്യിക്കാനോ ഉപയോഗിക്കുന്ന ശാസ്ത്രീയ രീതിയാണ് ക്ലൗഡ് സീഡിംഗ്. മഴ പെയ്യിക്കാനുള്ള മേഘങ്ങളുടെ സ്വാഭാവികമായ കഴിവിനെ ‘ബൂസ്റ്റ്’ ചെയ്യുക എന്നുംപറയാം. മേഘങ്ങളിൽ ജലകണികകൾ ഉണ്ടാകണമെങ്കിൽ, അവയെ ആകർഷിച്ച് ഘനീഭവിപ്പിക്കാൻ ഒരു ന്യൂക്ലിയസ് ആവശ്യമാണ്. ക്ലൗഡ് സീഡിംഗിൽ, ഈ ന്യൂക്ലിയസായി പ്രവർത്തിക്കാൻ കഴിവുള്ള രാസവസ്തുക്കൾ — പ്രധാനമായി സിൽവർ അയഡൈഡ് അല്ലെങ്കിൽ മറ്റു ഉപ്പ് കണികകൾ വിമാനങ്ങൾ വഴിയോ ഗ്രൗണ്ട് ജനറേറ്ററുകൾ വഴിയോ മേഘങ്ങളിലേക്ക് വിതറുന്നു. ഈ കണികകൾ മേഘങ്ങളിലെ സൂപ്പർകൂൾഡ് ലിക്വിഡ് വാട്ടർ അതായത്, 0°Cൽ താഴെയാണെങ്കിലും ദ്രാവകാവസ്ഥയിൽ തുടരുന്ന ജലകണങ്ങൾ തന്മാത്രകൾക്ക് ഒത്തുചേരാനും ഐസ് ക്രിസ്റ്റലുകളായി മാറാനും പ്രതലം നൽകുന്നു.
ഈ ഐസ് ക്രിസ്റ്റലുകൾ വലുതാവുകയും, ഭാരം കൂടുകയും ചെയ്യുമ്പോൾ, മഴയായോ മഞ്ഞായോ താഴേക്ക് പതിക്കുന്നു. ഒരു തവണ ക്ലൗഡ് സീഡിംഗ് നടത്താൻ 64 ലക്ഷം രൂപയാണ് ചെലവാകുക. ക്ലൗഡ് സീഡിംഗ് വിജയിക്കണമെങ്കിൽ, മതിയായ ഈർപ്പമുള്ളമേഘങ്ങൾ അന്തരീക്ഷത്തിൽ ഉണ്ടായിരിക്കണം. വരണ്ട കാലാവസ്ഥയിൽ ഇത് ഫലപ്രദമല്ല. സിൽവർ അയഡൈഡ് പോലുള്ള രാസവസ്തുക്കൾ തുടർച്ചയായി ഉപയോഗിക്കുമ്പോൾ, അവ പരിസ്ഥിതിയിലും മനുഷ്യൻ്റെ ആരോഗ്യത്തിലും ദീർഘകാലാടിസ്ഥാനത്തിൽ എന്ത് സ്വാധീനം ചെലുത്തുമെന്നതിൽ കൃത്യമായ പഠനങ്ങൾ ലഭ്യമല്ല. എങ്കിലും, ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലും, കനത്ത മലിനീകരണം പോലുള്ള അടിയന്തിര സാഹചര്യങ്ങളിലും ക്ലൗഡ് സീഡിംഗ് ഒരു സാധ്യതയായി പരീക്ഷിക്കുന്നു.
കാലാവസ്ഥാ വകുപ്പ് നൽകുന്ന കാറ്റിന്റെ ദിശയുമായി ബന്ധപ്പെട്ട വിവരങ്ങളെ അടിസ്ഥാനമാക്കി അടുത്ത ദിവസങ്ങളിലും ക്ലൗഡ് സീഡിങ് തുടരുമെന്ന് മന്ത്രിയും അറിയിച്ചിരുന്നു. ഈ പദ്ധതി വിജയകരമായാൽ ഫെബ്രുവരി വരെ ദീർഘകാല പദ്ധതിയായി വിപുലീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
വായുമലിനീകരണം കൂടുതലായ ശീതകാലത്ത് കൃത്രിമ മഴയിലൂടെ അന്തരീക്ഷത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനാണ് ശ്രമമെന്നും മന്ത്രി സിർസ വ്യക്തമാക്കി. ഡൽഹിയിൽ വായുമലിനീകരണം നിയന്ത്രിക്കുന്നതിനായി ഇന്ന് വീണ്ടും ക്ലൗഡ് സീഡിങ് നടത്തുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ, നഗരത്തിലെ പ്രധാന കെട്ടിടങ്ങളിൽ ആൻറി സ്മോഗ് ഗണുകൾ സ്ഥാപിക്കാനുള്ള നടപടികളും ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.
















