കോഴിക്കോട്: ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് പ്രദേശത്ത് വൈകുന്നേരം നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ അറിയിച്ചു. ഇന്ന് വൈകിട്ട് 4.45 ഓടെയാണ് ഈ സംഭവം ഉണ്ടായത്. ഭൂമിക്കടിയിൽ നിന്നുണ്ടായ ശക്തമായ ശബ്ദത്തോടൊപ്പം നേരിയ ചലനവും ഉണ്ടായതായി പ്രദേശവാസികൾ പറയുന്നു.
മുതുകാട് രണ്ടാം ബ്ലോക്ക് മേഖലയിലായിരുന്നു ചലനം ഏറ്റവും വ്യക്തമായി അനുഭവപ്പെട്ടത്. ഏകദേശം ഒരു കിലോമീറ്റർ പരിധിയിലുള്ള നിരവധി പേർക്ക് ആ സമയത്ത് ഭൂമി വിറയുന്ന അനുഭവം ഉണ്ടായതായി നാട്ടുകാർ വ്യക്തമാക്കി. എന്നാൽ ചലനം സെക്കൻഡുകൾ മാത്രമാണ് നീണ്ടുനിന്നത്.
സംഭവത്തെ തുടർന്ന് പ്രദേശവാസികൾ റവന്യുയും പഞ്ചായത്ത് അധികൃതരെയും വിവരം അറിയിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് റവന്യു – പഞ്ചായത്ത് അധികൃതരും സംഭവം പരിശോധിക്കുകയാണ്.
നിലവിൽ ഈ ശബ്ദവും ചലനവും മുതുകാട് പ്രദേശത്ത് മാത്രമാണ് രേഖപ്പെടുത്തിയതെന്നും പരിസര പ്രദേശങ്ങളിൽ സമാനമായ റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ഭൂചലനത്തിന്റെ കാരണം വ്യക്തമാകാത്ത സാഹചര്യത്തിൽ, വിദഗ്ധർ പ്രാഥമിക പരിശോധനകൾ നടത്തി കൂടുതൽ വിശദമായ പഠനത്തിന് തയ്യാറെടുക്കുകയാണ്.
















