കൊച്ചി: എറണാകുളം വടുതലയിലെ സ്വകാര്യ അപ്പാർട്ട്മെന്റിൽ വാടക മുറിയെടുത്ത് ന്യൂജൻ മയക്കുമരുന്നായ എംഡിഎംഎ വിൽപ്പന നടത്തിവരുന്നതിനിടെ നാല് യുവാക്കൾ എക്സൈസ് സംഘത്തിന്റെ പിടിയിലായി. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് മിദ്‌ലാജ് (23), ഹേമന്ത് സുന്ദർ (24), മുഹമ്മദ് അർഷാദ് ടി.പി (22), കാർത്തിക് (23) എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് നടത്തിയ റെയ്ഡിൽ ഇവരിൽ നിന്ന് 70.47 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
പ്രതികൾ ബെംഗളൂരുവിൽ നിന്നും രാസലഹരി എത്തിച്ച് എറണാകുളം, കാക്കനാട്, കൊച്ചി എന്നിവിടങ്ങളിലെ റിസോർട്ടുകളിലും ഫ്ലാറ്റുകളിലും താമസിച്ച് യുവാക്കളെ ലക്ഷ്യമാക്കി വിൽപ്പന നടത്തുകയായിരുന്നു. റിസോർട്ടുകളും അപ്പാർട്ട്മെന്റുകളും വാടകയ്‌ക്ക് എടുത്ത് വിൽപ്പന നടത്തുന്നതായിരുന്നു ഇവരുടെ രീതി.
എറണാകുളം എക്സൈസ് എൻഫോഴ്സ്മെന്‍റ്& ആന്‍റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.ശ്രീരാജിന്റെ നിർദ്ദേശാനുസരണം എക്സൈസ് ഇൻസ്പെക്ടർ കെ.പി.പ്രമോദും പാർട്ടിയും ചേർന്നാണ് റെയ്‌ഡ് നടത്തിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ഓ.എൻ.അജയകുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ സതീഷ് ബാബു, ആഷ്‌ലി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മോഹനൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സജിത എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
















