സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നാളെ മുതൽ. ബി എൽ ഒ മാർക്ക് പൂർണ സമയം എസ് ഐ ആർ ഡ്യൂട്ടി. ഒരു മാസം ഇതിനായി ഡ്യൂട്ടി ഓഫ് അനുവദിക്കും. നാളെ മുതൽ ബി എൽ ഒ മാർ വീടുകളിൽ എത്തും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രക്തൻ ഖേൽക്കർ വിളിച്ചു ചേർത്ത തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ യോഗത്തിൽ സിപിഐഎം പ്രതിനിധികൾ ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. കേരളത്തിൽ എസ്‌ഐആർ നടപ്പിലാക്കുന്നത് അസമയത്താണെന്ന് കോൺഗ്രസും കുറ്റപ്പെടുത്തിയിരുന്നു.
എസ്ഐആറിന്റെ ഭാഗമായി ബൂത്ത് ലെവൽ ഓഫീസർമാർക്കുള്ള പരിശീലന പരിപാടി കഴിഞ്ഞമാസം നടന്നിരുന്നു. നവംബർ നാല് മുതൽ ഡിസംബർ നാല് വരെയാണ് ബൂത്ത് ലെവൽ ഓഫീസർമാർ പട്ടിക വിതരണം ചെയ്യുക. ബിഎൽഒമാർ വിതരണം ചെയ്യുന്ന ഫോം വോട്ടർമാർ 2003 ലെ വോട്ടർ പട്ടികയുമായി താരതമ്യം ചെയ്ത് പേരുകൾ ഉണ്ടോയെന്ന് ഉറപ്പാക്കണം.
പേരുകൾ ഉണ്ടെങ്കിൽ വോട്ടർമാർ മറ്റ് രേഖകളൊന്നും സമർപ്പിക്കേണ്ടതില്ല. ഡിസംബർ ഒമ്പതിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബർ ഒമ്പത് മുതൽ 2026 ജനുവരി 8 വരെയാകും തിരുത്തലിനുള്ള സമയം. ഫെബ്രുവരി 7 നാകും അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുക. കേരളത്തിൽ അവസാനമായി എസ് ഐ ആർ നടന്ന 2002ലെ വോട്ടർ പട്ടിക ആധാരമാക്കിയാണ് പരിഷ്കരണം. 2002ലെ വോട്ടർ പട്ടികയിൽ പേരുള്ളവർക്കും അവരുടെ മക്കൾക്കും രേഖകളൊന്നും സമർപ്പിക്കാതെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം. എന്നാൽ സ്വന്തം പേരോ മാതാപിതാക്കളുടെ പേരോ 2002-ലെ വോട്ടർ പട്ടികയിൽ ഇല്ലെങ്കിൽ തങ്ങൾ ഇന്ത്യൻ പൗരന്മാരാണെന്ന് തെളിയിക്കാൻ, തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്ന, 12 രേഖകളിൽ ഒന്ന് സമർപ്പിച്ചാൽ മാത്രമേ, വോട്ടവകാശം പുനസ്ഥാപിക്കാനാകൂ.
Story Highlights : special-intensive-revision-voter-list-in-kerala-from-tomorrow
















