മൂന്നാർ സ്പെഷ്യൽ തഹസിൽദാർ ഗായത്രി ദേവിയെ സിപിഐഎം മൂന്നാർ ഏരിയ കമ്മിറ്റി അംഗം ഭീഷണിപ്പെടുത്തിയെന്ന് പരാതി. റവന്യൂ ഭൂമിയിലെ മരം മുറി തടഞ്ഞതിനായിരുന്നു ഭീഷണി. സംഭവത്തിൽ ജില്ലാ കളക്ടർക്കും പൊലീസിലും സ്പെഷ്യൽ തഹസിൽദാർ പരാതി നൽകി.
നവംബർ ഒന്നിന് ദേവികുളത്തേ സർക്കാർ പുറമ്പോക്ക് ഭൂമിയിൽനിന്ന് സ്വകാര്യ വ്യക്തി വ്യാപകമായി മരങ്ങൾ മുറിച്ചിരുന്നു. ഇത് സ്പെഷ്യൽ തഹസിൽദാർ ഇടപെട്ട് തടഞ്ഞു. ട്രീ കമ്മിറ്റി ഉത്തരവിന്റെ മറവിൽ മരങ്ങൾ മുറിച്ച് കടത്താനുള്ള ശ്രമം നടന്നു എന്നായിരുന്നു കണ്ടെത്തൽ. ഈ നടപടിക്കെതിരെയാണ് സിപിഐഎം നേതാവ് ജോബി ജോണിന്റെ ഭീഷണി ഉണ്ടായതെന്ന് സ്പെഷ്യൽ തഹസിൽദാർ ഗായത്രി ദേവി പറഞ്ഞു.
മരം മുറി തടഞ്ഞപ്പോൾ സ്ഥലത്തുണ്ടായിരുന്നെങ്കിൽ സ്പെഷ്യൽ താഹസിൽദാരെ കൈകാര്യം ചെയ്യുമായിരുന്നു എന്ന് ജോബി പറഞ്ഞതായാണ് പരാതിയിൽ ഉള്ളത്. എന്നാൽ സ്പെഷ്യൽ തഹസിൽദാരുടെ ആരോപണം സിപിഐഎം ഏരിയ കമ്മിറ്റി അംഗം ജോബി ജോൺ നിഷേധിച്ചു. അപകട ഭീഷണി ഉയർത്തി നിന്നിരുന്ന മരങ്ങൾ മുറിച്ചുമാറ്റിയ നടപടി തടഞ്ഞതിനെതിരെ പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്നാണ് വിശദീകരണം.
Story Highlights : CPIM leader threatens Munnar special tehsildar
















