ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. പറ്റ്ന അടക്കം18 ജില്ലകളിലെ 121 സീറ്റുകളിലേക്കാണ് മറ്റന്നാൾ വോട്ടെടുപ്പ് നടക്കുക. ഒരു മാസത്തോളം നീണ്ടുനിന്ന പരസ്യപ്രചാരണമാണ് ഇന്ന് വൈകുന്നേരത്തോടെ അവസാനിക്കുന്നത്.
ആദ്യഘട്ടത്തിന്റെ കലാശക്കൊട്ട് ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് മുന്നണികൾ. കാടടച്ചുള്ള പ്രചാരണം ആദ്യഘട്ടത്തിൽ ബൂത്തിലേക്ക് പോകുന്ന എല്ലാ മണ്ഡലങ്ങളിലും നടന്നു എന്നാണ് മുന്നണികളുടെ വിലയിരുത്താൻ. പരമാവധി ആളുകളെ നേരിൽ വോട്ടുറപ്പിചെന്ന ആത്മവിശ്വാസത്തിലാണ് എൻഡിഎയും മഹാസഖ്യവും.
രാഹുൽ ഗാന്ധി ഇന്ന് ബിഹാറിൽ മൂന്ന് യോഗങ്ങളിൽ പങ്കെടുക്കും. അവസാനവട്ട പ്രചാരണത്തിന് മേൽനോട്ടം വഹിക്കാൻ കെസി വേണുഗോപാലും ബിഹാറിലുണ്ട്. അമിത് ഷായുടെ രണ്ട് യോഗങ്ങളാണ് ഇന്ന് നിശ്ചയിച്ചിരിക്കുന്നത്. ജെപി നദ്ദയുടെ റോഡ് ഷോ ഇന്ന് ഗയയിൽ നടക്കും.
അതേസമയം തേജസ്വി യാദവ് നയിക്കുന്ന മഹാസഖ്യത്തിന് ഈ ഘട്ടം ഏറെ നിർണ്ണായകമാണ്. 2020ൽ 121ൽ 61 സീറ്റ് മഹാസഖ്യം നേടിയിരുന്നു. ബിഹാറിൽ എൻഡിഎയ്ക്ക് മുൻതൂക്കമെന്നാണ് ദൈനിക് ഭാസ്കർ സർവേയിൽ പറയുന്നത്. 153 മുതൽ 160 സീറ്റ് വരെ എൻഡിഎ നേടിയേക്കാമെന്നാണ് പ്രവചനം.
















