സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്‍കരണത്തിന്റെ (എസ്ഐആർ) ഭാഗമായുള്ള നടപടികൾക്ക് ഇന്നു തുടക്കം. വോട്ടർമാരുടെ വിവര ശേഖരണത്തിനായി ബിഎൽഒമാർ ഇന്നു മുതൽ വീടുകളിലെത്തിത്തുടങ്ങും. വീടുവീടാന്തരമുള്ള കണക്കെടുപ്പ് നവംബർ 4 മുതൽ ഡിസംബർ 4 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്.
ഡിസംബർ 9 നാണ് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത്. ഡിസംബർ 9 മുതൽ 2026 ജനുവരി 8 വരെ എതിർപ്പുകളോ പരാതികളോ ഉണ്ടെങ്കിൽ സമർപ്പിക്കാൻ അവസരം ഉണ്ട്. പരാതികളുടെ പരിഹാരവും സ്ഥിരീകരണവും ഡിസംബർ 9 നും ജനുവരി 31 നും ഇടയിൽ നടക്കും.
ഫെബ്രുവരി 7 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്. രണ്ടാംഘട്ട എസ്‌ഐആറിനായി ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഒക്ടോബർ 28 മുതൽ ആരംഭിച്ചിരുന്നു.
കേരളത്തിന് പുറമേ, ലക്ഷദ്വീപ്, തമിഴ്നാട്, ആൻഡമാൻ നിക്കോബാർ, ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, പുതുച്ചേരി, രാജസ്ഥാൻ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും ഇന്നു മുതൽ രണ്ടാം ഘട്ടത്തിലായി 51 കോടിയോളം വോട്ടർമാരുടെ പട്ടിക പുതുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും.
ഇതിൽ, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് എസ്‌ഐആർ തുടങ്ങുന്നത്.
















