വർക്കലയിൽ മദ്യലഹരിയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്ന് ചവിട്ടിത്തള്ളിയിട്ട ശ്രീക്കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഗുരുതര നിലയിൽ നിന്ന് മാറ്റമുണ്ടെന്നും 48 മണിക്കൂർ കഴിയാതെ ഒന്നും പറയാൻ ആകില്ലെന്നും ഡോക്ടേഴ്സ് അറിയിച്ചു.
എന്നാൽ മെഡിക്കൽ കോളജിലെ ചികിത്സയിൽ തൃപ്തിയില്ലെന്നും മകൾക്ക് വിദഗ്ദ ചികിത്സ ഉറപ്പാക്കണമെന്നുമായിരുന്നു പെൺകുട്ടിയുടെ മാതാവിന്റെ പ്രതികരണം. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് ആശുപത്രി സൂപ്രണ്ടിന് നിർദേശം നൽകിയിരുന്നു.
അതിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ തന്നെ മെഡിക്കൽ ബോർഡ് ചേരാനാണ് തീരുമാനം. നിലവിൽ പെൺകുട്ടി അപകടാവസ്ഥ തരണം ചെയ്തിട്ടില്ല. തലച്ചോറിന് ഒന്നിൽ കൂടുതൽ ക്ഷതവും ഗുരുതരമായ പരുക്കുകളും സംഭവിച്ചിട്ടുണ്ട്. മെഡിക്കൽ കോളജിലെ വിദഗ്ദ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ചികിത്സ.
അതേസമയം സംഭവത്തിൽ പ്രതിയെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. റെയിൽവേ പൊലീസ്, പ്രതി സുരേഷ് കുമാറിനായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. ശ്രീക്കുട്ടിയെ നട്ടെല്ലിന് ചവിട്ടി തള്ളിയിട്ട ട്രെയിനിന്റെ ബോഗിയിലും, പരുക്കേറ്റ് കിടന്ന അയന്തി പാലത്തിലും എത്തിച്ചായിരിക്കും തെളിവെടുപ്പ് നടത്തുക.
ട്രെയിനിന്റെ വാതിൽപ്പടിയിൽ നിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പ്രതി സുരേഷ്കുമാറിന്റെ പ്രകോപിപ്പിക്കാൻ കാരണം എന്നാണ് എഫ്ഐആറിൽ ഉള്ളത്. കൊല്ലണമെന്ന് ഉദ്ദേശത്തോടു കൂടിയാണ് ശ്രീക്കുട്ടിയെ പ്രതി സുരേഷ് ട്രെയിനിൽ നിന്ന് ചവിട്ടി തള്ളിയിട്ടത്.
തടയാൻ എത്തിയ സുഹൃത്ത് അർച്ചനയെയും കൊല്ലാൻ ശ്രമിച്ചതായും എഫ്ഐആറിൽ പറയുന്നു. ഇന്നലെയാണ് വെള്ളറട സ്വദേശിയായ സുരേഷ് കുമാറിനെ കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തത്.
















