കൊച്ചി: സ്വര്‍ണ്ണ വായ്പ മേഖലയിലെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ഇന്‍ഡെല്‍ മണിയുടെ എന്‍സിഡികള്‍ 315 ശതമാനം അധികം സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു. 1000 രൂപ മുഖവിലയുള്ള സുരക്ഷിതവും വീണ്ടെടുക്കാവുന്നതും ഓഹരിയാക്കി മാറ്റാന്‍ കഴിയാത്തതുമായ കടപ്പത്രങ്ങളുടെ (എന്‍സിഡി) ആറാമത് പബ്ലിക് ഇഷ്യുവിലാണ് ഈ നേട്ടം.
ഒക്ടോബര്‍ 13 നാരംഭിച്ച വിതരണം 24ന് നേരത്തേ അവസാനിപ്പിച്ചപ്പോള്‍ 472.79 കോടി രൂപയുടെ കടപ്പത്രങ്ങള്‍ നിക്ഷേപകര്‍ വാങ്ങി. 150 കോടി രൂപയുടെ പ്രാഥമിക ഇഷ്യുവും 150 കോടി രൂപയുടെ അധിക സബ്‌സ്‌ക്രിബ്ഷനുമായി 300 കോടി രൂപയാണ് ലക്ഷ്യമിട്ടിരുന്നത്.
315 ശതമാനം അധിക സബ്‌സിക്രബ്ഷനിലൂടെ കമ്പനിയുടെ കടപ്പത്രങ്ങളോട് ആവേശ പൂര്‍വം പ്രതികരിച്ച നിക്ഷേപകരോട് ഇന്‍ഡെല്‍ മണി എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒ യുമായ ഉമേഷ് മോഹനന്‍ കൃതജ്ഞത രേഖപ്പെടുത്തി. കടപ്പത്രങ്ങളിലൂടെ സ്വരൂപിക്കുന്ന പണം തുടര്‍ വായ്പകള്‍ക്കും തിരിച്ചടവുകള്‍ക്കും മുന്‍കൂര്‍ മൂലധന അടവുകള്‍ക്കും വായ്പകളുടെ പലിശയ്ക്കും കമ്പനിയുടെ പൊതു കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കുമാണ് ചിലവഴിക്കുക.
ഈ വര്‍ഷം സെപ്തംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം 2750 കോടി രൂപയുടെ ആസ്തികള്‍ ഇന്‍ഡെല്‍ മണി കൈകാര്യം ചെയ്യുന്നുണ്ട്. 91.82 ശതമാനവും സ്വര്‍ണ്ണ വായ്പയാണ്. ഹരിയാന, ഉത്തര്‍ പ്രദേശ്, ഡെല്‍ഹി, മധ്യ പ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, കര്‍ണാടക, കേരളം, തമിഴ്‌നാട്, ആന്ധ പ്രദേശ്, തെലങ്കാന, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ഗുജറാത്ത്, പോണ്ടിച്ചേരി എന്നിവിടങ്ങളിലായി കമ്പനിക്ക് 366 ശാഖകളുണ്ട്. വിദേശ നാണ്യ വിഭാഗമായ ഇന്‍ഡെല്‍ റെമിറ്റിന്റെ സേവന മേന്മ കണക്കിലെടുത്ത് റിസര്‍വ് ബാങ്ക് കാറ്റഗറി 2 ലൈസന്‍സ് നല്‍കിയിട്ടുണ്ട്. മുംബൈ ആസ്ഥാനവും കൊച്ചിയില്‍ കോര്‍പറേറ്റ് ഓഫീസുമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡെല്‍ റെമിറ്റ്, കറന്‍സി വിനിമയം, ട്രാവല്‍ മണി കാര്‍ഡുകള്‍, വിദേശത്തേക്ക് പണമയക്കല്‍ ഉള്‍പ്പടെയുള്ള സേവനങ്ങള്‍ നല്‍കി വരുന്നു. എഡി 2 വിഭാഗത്തില്‍ പെട്ട 24 വിദേശ വിനിമയ ശാഖകളും , 2130 ബിസിനസ് അസോഷ്യേറ്റുകളും ഉള്ള വിദേശ നാണ്യ വിഭാഗം 27 സര്‍ക്കാര്‍ സ്ഥാപനങ്ങളുമായും 465 വന്‍കിട കോര്‍പറേറ്റുകളുമായും ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്.
















