കൊച്ചി: രാജ്യത്തെ പ്രമുഖ പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) നടപ്പുസാമ്പത്തികവർഷത്തെ രണ്ടാംപാദത്തിൽ 6,442.53 കോടി രൂപ ലാഭം നേടി. മുൻവർഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 169 ശതമാനമാണ് വളർച്ച. മുൻവർഷം ഇത് 2,397.23 കോടി രൂപയായിരുന്നു. ഇക്കാലയളവിൽ 9.82 മില്യൺ മെട്രിക് ടൺ ഉത്പാദനമാണ് ബിപിസിഎൽ റിഫൈനറികളിൽ നടന്നത്. ആഭ്യന്തര വിപണിയിലെ വിൽപന 2.26 ശതമാനം വർധിച്ച് 12.67 മില്യൺ മെട്രിക് ടണ്ണായി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറയുന്നതും പ്രവർത്തനച്ചെലവ് പരിമിതപ്പെടുത്തുന്നതും ലാഭം വർധിക്കുന്നതിന് കാരണമായി. ബാരൽ ഒന്നിന് 10.78 ഡോളറാണ് ബിപിസിഎല്ലിന്റെ ലാഭം. കഴിഞ്ഞവർഷത്തെ സമാനപാദത്തിൽ ബാരലിന് 4.41 ഡോളറായിരുന്നു ലഭിച്ചിരുന്നത്.
സാമ്പത്തിക വർഷത്തെ ആദ്യ പകുതിയിലെ കണക്കുകളും വർധിച്ച നേട്ടമാണ് രേഖപ്പെടുത്തിയത്. 12,566.46 കോടി രൂപ അറ്റാദായം രേഖപ്പെടുത്തിയ ഇക്കാലയളവിൽ 2,51,148.79 കോടി രൂപയുടെ വരുമാനവും കരസ്ഥമാക്കി. മുൻവർഷത്തെ ആദ്യ പകുതിയുമായി താരതമ്യം ചെയ്യുമ്പോൾ 132 ശതമാനത്തിന്റെ വർധനവാണ് ലാഭത്തിലുള്ളത്. ആഭ്യന്തര വിപണിയിലെ വിൽപന 2.74 ശതമാനം വർധിച്ച് 26.25 മില്യൺ മെട്രിക് ടണ്ണായി.
















