ഇസ്രായേലി ജയിലിൽ ഫലസ്തീനി തടവുകാരനെ ക്രൂരമായി പീഡിപ്പിക്കുന്നതിൻ്റെ വീഡിയോ പുറത്തുവിട്ട സംഭവത്തിൽ മുൻ സൈനിക പ്രോസിക്യൂട്ടർ മേജർ ജനറൽ യിഫാത് തോമർ യെറുഷൽമിയെ ഇസ്രായേൽ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഇസ്രായേലി ജയിലുകളിൽ നടക്കുന്ന കൊടും പീഡനങ്ങളുടെ ദൃശ്യങ്ങൾ ഉൾപ്പെട്ട ഈ വീഡിയോ നെതന്യാഹു സർക്കാറിനെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ പദവി രാജിവെച്ച് ഒളിവിൽ പോയ യെറുഷൽമിക്കായി പൊലീസ് തിരച്ചിൽ തുടരുകയായിരുന്നു.
കഴിഞ്ഞ വർഷമാണ് വീഡിയോ മാധ്യമങ്ങൾക്ക് നൽകിയതെന്ന് ഇവർ സമ്മതിച്ചതായി റിപ്പോർട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് റിസർവ് സൈനികർക്കെതിരെ നേരത്തെ കുറ്റം ചുമത്തിയിരുന്നു.
അതേസമയം ഇസ്രയേൽ തടവിലാക്കിയ പലസ്‌തീൻകാർ കൊടിയപീഡനങ്ങളാണ് നേരിടുന്നതെന്ന യുഎൻവാദവും പലസ്‌തീൻ ആരോപണവും ശരിവയ്‌ക്കുന്നതാണ് പുറത്തുവന്ന വീഡിയോ. ഇസ്രയേൽ സ്ഥാപിതമായതിനുശേഷം നേരിടുന്ന ഏറ്റവും കടുത്ത ആഭ്യന്തര ആക്രമമാണിതെന്ന് വീഡിയോ ചോർന്നതിനെക്കുറിച്ച് പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പ്രതികരിച്ചു.
















