വനിതാ ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം നേടിയതോടെ, മുൻ ബിസിസിഐ പ്രസിഡന്റും ചെന്നൈ സൂപ്പർ കിംഗ്സ് ഉടമയുമായ എൻ. ശ്രീനിവാസന്റെ ഒരു പഴയ പ്രസ്താവന സമൂഹമാധ്യമങ്ങളിൽ വീണ്ടും വൈറലായി. ഇന്ത്യയിൽ വനിതാ ക്രിക്കറ്റ് കളിക്കുന്നതിനോട് തനിക്ക് കടുത്ത എതിർപ്പുണ്ടായിരുന്നുവെന്ന് ശ്രീനിവാസൻ വെളിപ്പെടുത്തിയതായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഡയാന എഡുൽജി 2017-ൽ വെളിപ്പെടുത്തിയിരുന്നു. എന്‍ ശ്രീനിവാസന്‍ ബിസിസിഐ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ നേരിട്ട് അഭിനന്ദിക്കാനായി കണ്ടപ്പോഴാണ് വനിതാ ക്രിക്കറ്റിനോടുള്ള തന്‍റെ നിഷേധാത്മക നിലപാട് ശ്രീനിവാസൻ തുറന്നു പറഞ്ഞതെന്ന് ഡയാന എഡുല്‍ജി വെളിപ്പെടുത്തിയിരുന്നു.
അന്ന് അദ്ദേഹം എന്നോട് പറഞ്ഞത്, എനിക്ക് എന്‍റെ വഴി തെരഞ്ഞെടുക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഇന്ത്യയില്‍ വനിതാ ക്രിക്കറ്റ് ഒരിക്കലും സംഭവിക്കില്ലെന്ന്. കാരണം, ശ്രീനിവാസന് വനിതാ ക്രിക്കറ്റിനോട് വെറുപ്പാണെന്നും 2017ലെ വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റശേഷം എഡുല്‍ജി പറഞ്ഞിരുന്നു. ബിസിസിഐ എന്നത് എക്കാലത്തും ഒരു പുരുഷാധിപത്യ സംഘടനയാണ്. അവര്‍ ഒരിക്കലും വനിതകള്‍ ക്രിക്കറ്റില്‍ കരുത്തറിയിക്കുന്നത് ആഗ്രഹിച്ചിരുന്നില്ല. ഇക്കാര്യത്തെക്കുറിച്ച് ഞാന്‍ കളിക്കുന്ന കാലം മുതല്‍ തുറന്നടിച്ചിട്ടുണ്ടെന്നും എഡുല്‍ജി പറഞ്ഞിരുന്നു.
















