ലോകകപ്പിൽ ഇൻത്യൻ ടീമിന്റെ കുതിപ്പ് അപ്രതീക്ഷിതമായിരുന്നു. ജെമീമയുടെ നേതൃത്വത്തിൽ നടത്തിയ പോരാട്ടം ഇന്ത്യൻ ചരിത്രത്തിലാണ് ഇടംപിടിച്ചത്.
എന്നാൽ ഇപ്പോഴിതാ അതിന് നിമിത്തമായ താരങ്ങളെ തേടി വമ്പൻ ഓഫറുകൾ വന്നിരിക്കുകയാണ്. സ്മൃതി മന്ദന, ജമീമ റോഡ്രിഗസ്, ദീപ്തി ശർമ്മ, ഹർമൻപ്രീത് കൗർ, ഷഫാലി വർമ്മ തുടങ്ങിയ താരങ്ങളുടെയൊക്കെ മൂല്യം 100 ശതമാനത്തോളം വർധിച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇന്ത്യൻ താരങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലെ ഫോളോവേഴ്സിൻ്റെ എണ്ണം രണ്ടിരട്ടിയും മൂന്നിരട്ടിയുമൊക്കെയാണ് വർധിക്കുന്നത് എന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതോടെ ആഗോളബ്രാൻഡുകൾ സഹകരണത്തിനായി എത്തുന്നുണ്ട്.
ഓസ്ട്രേലിയക്കെതിരായ സെമിഫൈനലിൽ പുറത്താവാതെ 127 റൺസ് നേടിയ ജമീമ റോഡ്രിഗസിൻ്റെ ബ്രാൻഡ് വാല്യു 100 ശതമാനം വർധിച്ചു. ജമീമയുടെ മാനേജ്മെൻ്റ് ഏജൻസിയായ ജെഎസ്ഡബ്ല്യു സ്പോർട്സിൻ്റെ ചീഫ് കമേഷ്യൽ ഓഫീസർ കരൺ യാദവാണ് ഇക്കാര്യം അറിയിച്ചത്. ബ്രാൻഡ് എൻഡോഴ്സ്മെൻ്റുകൾക്കുള്ള ഫീ 75 ലക്ഷം രൂപയിൽ നിന്ന് ഒന്നരക്കോടി രൂപയായി ജമീമ വർധിപ്പിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മറ്റ് താരങ്ങളുടെ ഫീസിൽ 30 ശതമാനത്തിലധികമാണ് വർധന. ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയാണ് ഇന്ത്യ കിരീടം നേടിയത്. 52 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ഫൈനലിൽ ഷഫാലി വർമ്മ കളിയിലെ താരമായപ്പോൾ ദീപ്തി ശർമ്മയാണ് ടൂർണമെൻ്റിൻ്റെ താരം.
content highlight: World cup
















