കൊച്ചി: കൊച്ചിയിൽ മാലിന്യക്കൂമ്പാരങ്ങൾ നഗരസഭ ഒടുവിൽ നീക്കം ചെയ്യാൻ തുടങ്ങി. മന്ത്രി പി. രാജീവ് നടത്തിയ മാലിന്യമുക്ത നഗരം എന്ന പ്രഖ്യാപനത്തിനുശേഷവും മാലിന്യം നീക്കം ചെയ്യാത്തതിൽ നാട്ടുകാർ ശക്തമായി പ്രതികരിച്ചിരുന്നു. തെരുവുകളും പൊതുസ്ഥലങ്ങളും മാലിന്യത്തിന്റെ ദുർഗന്ധത്തിൽ മുങ്ങിയിരിക്കുമ്പോൾ നഗരസഭയുടെ അനാസ്ഥക്കെതിരെ പ്രതിപക്ഷവും രംഗത്തെത്തി. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ‘പ്രഹസനപ്രഖ്യാപനം’ മാത്രമായിരുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധങ്ങൾ ഉയർന്നത്.
തുടർന്ന് അധികാരികൾ അടിയന്തര നടപടി സ്വീകരിച്ച് മാലിന്യങ്ങൾ നീക്കം ചെയ്യാൻ തുടങ്ങി. എന്നിരുന്നാലും, മാലിന്യ സംസ്‌കരണത്തിൽ നഗരസഭയുടെ നിരുത്തരവാദപരമായ സമീപനമാണ് പ്രശ്‌നത്തിന്റെ മൂലകാരണമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
മട്ടാഞ്ചേരിൽ യൂത്ത് കോൺഗ്രസ് നടത്തിയ സവിശേഷമായ പ്രതിഷേധം പ്രദേശവാസികളുടെ ശ്രദ്ധനേടി. മാലിന്യക്കൂമ്പാരങ്ങൾ നീക്കം ചെയ്തതോടെ നഗരത്തിന് ശ്വാസം കിട്ടിയെങ്കിലും ശുചിത്വം നിലനിർത്താൻ ദീർഘകാല നടപടികൾ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
















