പി.എം. ശ്രീ പദ്ധതി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളം ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്തയക്കും. കത്തിന്റെ അന്തിമ കരട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പരിശോധിച്ച് അംഗീകാരം നൽകും. കഴിഞ്ഞ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പദ്ധതിയിൽ നിന്ന് പിന്മാറാൻ തീരുമാനിക്കുകയും കേന്ദ്രത്തെ കത്തയച്ച് അറിയിക്കാൻ നിർദ്ദേശിക്കുകയും ചെയ്തത്.
എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും കത്ത് അയക്കാതിരുന്നത് ഇടതുമുന്നണിക്കുള്ളിൽ തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ന് കത്ത് കൈമാറാനുള്ള നടപടികൾ പൂർത്തിയാക്കുന്നത്.
മുഖ്യമന്ത്രി തിരക്കിലായതിനാലാണ് കത്തിന്റെ കരട് പരിശോധിക്കാൻ സാധിക്കാതെ പോയതെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. ഈ സാഹചര്യത്തിലാണ് ഇന്ന് തന്നെ കത്തയക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്.
ഇന്നലെ കണ്ണൂരിൽ നിന്നെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തന്നെ കത്ത് പരിശോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറും.പൊതുവിദ്യാഭ്യാസ വകുപ്പാണ് സംസ്ഥാന സർക്കാരിന് വേണ്ടി കേന്ദ്രത്തിലേക്ക് കത്തയക്കുക.
















