ട്രെയിനിൽ രാത്രിയാത്ര നടത്തുവാൻ പേടി തോന്നിപ്പിക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ അതിക്രമങ്ങൾ സംഭവിക്കുന്നത് നിത്യസംഭവമാകുന്നു. റെയിൽവേ അധികൃതർ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യം പ്രധാനമാണ്. എന്നാൽ രാത്രിയാത്ര നടക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം.
സാധാരണയായി സ്ലീപ്പർ ക്ലാസിനെ അപേക്ഷിച്ച് എ.സി. കോച്ചുകൾക്ക് കൂടുതൽ സുരക്ഷ ഉണ്ടായിരിക്കും എന്നാണ് പരക്കെയുള്ള വിശ്വാസം. ഇതിൽ ഫസ്റ്റ് എസി ആണെങ്കിൽ കുറച്ചുകൂടി സുരക്ഷ ഉറപ്പാക്കാം. സാധാരണയായി പൂട്ടാൻ കഴിയുന്ന വാതിലുകളുള്ള സ്വകാര്യ കാബിനുകൾ ഇതിൽ ലഭിക്കും. ഇത് ഏറ്റവും സുരക്ഷിതമായ ഓപ്ഷനായി ഇതിനെ കണക്കാക്കാം. സെക്കൻഡ് എ.സിയിൽ നാല് ബങ്കുകൾ അടങ്ങിയ തുറന്ന ബേകളാണ് ഉണ്ടാവാറുള്ളതെങ്കിലും, ഓരോ ബേയ്ക്കും സ്വകാര്യതയ്ക്കുള്ള കർട്ടനുകൾ ഉണ്ടായിരിക്കും. ഇത് ഒരു പരിധി വരെ നല്ലതാണ്.
രാത്രിയിൽ ഉറങ്ങുമ്പോൾ, സാധനങ്ങൾ മോഷ്ടിക്കപ്പെടാനുള്ള സാധ്യത കുറവായതിനാൽ പലരും അപ്പർ ബെർത്ത് തിരഞ്ഞെടുക്കാനാണ് ഇഷ്ടപ്പെടുന്നത്. പ്രായമായവർക്കും കുട്ടികൾക്കും കൂടുതൽ താൽപര്യം ലോവർ ബെർത്ത് ആയിരിക്കും. കാരണം രാത്രിയിൽ പുറത്തിറങ്ങാനുള്ള സൗകര്യമോർത്ത്.
സാധനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നിങ്ങളുടെ ലഗേജുകൾ ചങ്ങലയോ ലോക്കോ ഉപയോഗിച്ച് ബെർത്തുമായി ബന്ധിപ്പിച്ച് വെക്കുന്നത് മോഷണം തടയാൻ സഹായിക്കും. രാത്രിയിൽ സുരക്ഷിതമായി ഉറങ്ങാൻ അപ്പർ ബെർത്ത് തിരഞ്ഞെടുക്കുന്നതാണ് സ്ത്രീകൾക്ക് ഏറ്റവും നല്ലത്. അപകടം ഉണ്ടെന്നു തോന്നിയാലോ എന്തെങ്കിലും അസ്വാഭാവികമായി അനുഭവപ്പെട്ടാലോ, ഉടൻ തന്നെ അടുത്തുള്ള സഹയാത്രികരുടെയോ, ടി.ടി.ഇ.യുടെയോ , റെയിൽവേ പോലീസിൻ്റെയോ സഹായം തേടുക.
സ്വകാര്യ കാബിനുകളിൽ രാത്രിയിൽ വാതിലുകൾ അകത്തുനിന്ന് പൂട്ടിയെന്ന് ഉറപ്പാക്കുക. പണം, ഫോൺ, ആഭരണങ്ങൾ പോലുള്ള വിലപിടിപ്പുള്ള സാധനങ്ങൾ ഉറങ്ങുമ്പോൾ തലയിണയുടെ അടിയിലോ, ശരീരത്തോട് ചേർത്ത് ധരിക്കുന്ന മണി ബെൽറ്റുകളിലോ സൂക്ഷിക്കുക. ലഗേജ് സുരക്ഷിതമാക്കുക.
content highlight: Train night journey
















