ജിദ്ദ: ഒമ്പത് മാസത്തെ പ്രവാസജീവിതത്തിന് വിരാമം. ജിദ്ദയിൽ ഇന്ത്യക്കാരൻ വെടിയേറ്റ് മരിച്ചു. ജാർഖണ്ഡ് സ്വദേശി വിജയ് കുമാർ മഹാതയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇത്യോപ്യൻ സ്വദേശികളായ രണ്ട് പേരെ ജിദ്ദ പൊലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിലെ ദുമ്രി ബ്ലോക്കിന് കീഴിലുള്ള മദ് ഗോപാലി പഞ്ചായത്തിലെ ദുദ്‌പാനിയ ഗ്രാമത്തിലെ വിജയ് കുമാർ മഹാതോ കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്.
കഴിഞ്ഞ ഒൻപത് മാസമായി ജിദ്ദയിലെ ഒരു സ്വകാര്യ കമ്പനിയിൽ ടവർ ലൈൻ ഫിറ്ററായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ മാസമാണ് കൊല്ലപ്പെട്ടത്.പ്രാഥമിക അന്വേഷണപ്രകാരം, നിരോധിത വസ്തുക്കളുടെ ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് സംഘർഷത്തിനും തുടർന്ന് വെടിവെപ്പിനും കാരണമായത്.
സംഭവ സമയത്ത് വിജയ് കുമാറിനോട് പണം ആവശ്യപ്പെട്ട സംഘമാണ് വെടിയുതിർന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഗുരുതരമായി പരുക്കേറ്റ യുവാവിനെആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അറസ്റ്റിലായ ഇരുവരും മദ്യം, ലഹരിമരുന്ന് തുടങ്ങിയ നിരോധിത വസ്തുക്കളുടെ അനധികൃത വ്യാപാരികളാണെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ പേരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
















