40-വയസ്സുകാരിയെ കാമുകൻ കുത്തി കൊലപ്പെടുത്തി. നോർത്ത് ബെംഗളൂരുവിലെ കെ ജി ഹള്ളിയിൽ പിള്ളന ഗാർഡന് സമീപം വെള്ളിയാഴ്ചയാണ് സംഭവം. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നെന്നും കല്യാണം കഴിക്കാൻ സ്ത്രീ തുടർച്ചയായി നിർബന്ധിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
വിവാഹമോചിതയായ സ്ത്രീ 43 വയസ്സുകാരനും വിവാഹിതനുമായ പ്രതിയുമായി പ്രണയത്തിലായിരുന്നു. ഇരുവരും രഹസ്യമായി കണ്ടുമുട്ടിയിരുന്നു.
എന്നാൽ പ്രതിയോട് ഭാര്യയെ ഉപേക്ഷിച്ച് തന്നെ കല്യാണം കഴിക്കാൻ സ്ത്രീ നിരന്തരമായി നിർബന്ധിച്ചുകൊണ്ടിരുന്നു. എന്നാൽ ഇയാൾ അതിന് വഴങ്ങാതെ ഇരുന്നതോടെ തർക്കമായി.
വെള്ളിയാഴ്ച പ്രതി സ്ത്രീയെ പിള്ളന ഗാർഡനിലേക്ക് ക്ഷണിക്കുകയായി. സംസാരിക്കുന്നതിനിടയിൽ തർക്കമുണ്ടാകുകയും ഇയാൾ കത്തി ഉപയോഗിച്ച് സ്ത്രീയെ കുത്തുകയായിരുന്നു.
നാട്ടുകാർ ചേർന്ന് സ്ത്രീയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത്. കേസ് റജിസ്റ്റർ ചെയ്ത് തുടർ അന്വേഷണം ആരംഭിച്ചു.
















