തിരുവനന്തപുരം: നഗരത്തിന്റെ ഹൃദയഭാഗമായ പേട്ടയിൽ എസ്‌ബിഐ ബാങ്ക് ശാഖയ്‌ക്ക് മുന്നിൽ പാർക്ക് ചെയ്ത കാറിനുള്ളിൽ ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി. എസ്.എൻ. നഗറിലെ അശ്വതി വീട്ടിൽ മാധവൻ അജയകുമാർ (74) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.
പതിവുപോലെ ബാങ്ക് തുറക്കാനെത്തിയ ജീവനക്കാരിയാണ് ആദ്യം മൃതദേഹം കാണുന്നത്. ചുവന്ന നിറത്തിലുള്ള സ്വിഫ്റ്റ് കാറിന്റെ ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന നിലയിലായിരുന്നു അജയകുമാറിന്റെ മൃതദേഹം. ജീവനക്കാർ കാറിൽ തട്ടിയിട്ടും പ്രതികരണം ഉണ്ടായില്ല. വായിൽ നിന്ന് നുരയും പതയും പുറത്തുവന്ന നിലയിലായിരുന്നു മൃതദേഹം.
ഉടൻ പൊലീസിനെ വിവരം അറിയിച്ചു. പേട്ട പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ബാങ്ക് ജീവനക്കാരുടെ മൊഴിയനുസരിച്ച്, അജയകുമാർ കഴിഞ്ഞ ദിവസം ബാങ്കിൽ എത്തിയിരുന്നു. എന്നാൽ വൈകിട്ട് ബാങ്ക് അടയ്ക്കുമ്പോൾ കാർ അവിടെ ഉണ്ടായിരുന്നില്ലെന്ന് പറയുന്നു.
മരണപ്പെട്ട അജയകുമാർ ഗൾഫിൽ എൻജിനീയറായി പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ പന്ത്രണ്ട് വർഷമായി നാട്ടിൽതന്നെ സ്ഥിരതാമസമാക്കിയിരുന്നു. ഇന്നലെ രാവിലെയാണ് വീട്ടിൽ നിന്ന് പുറത്തിറങ്ങിയത്. ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നുവെന്നാണ് വിവരം. ബന്ധുക്കളുടെ വീട്ടിൽ പോയിയെന്നാണ് കുടുംബാംഗങ്ങൾ കരുതിയത്. ഭാര്യ: പരേതയായ ലേഖ, മക്കൾ: ആകാശ്, ആശ്വതി. സംഭവത്തിൽ പേട്ട പൊലീസ് അന്വേഷണം ആരംഭിച്ചു.
















