ബംഗളുരുവിൽ കന്നഡ സീരിയൽ നടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ മലയാളി അറസ്റ്റിൽ. വൈറ്റ്‌ഫീൽഡിൽ താമസിക്കുന്ന നവീൻ കെ. മോനാണ് കന്നഡ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച കേസിൽ അറസ്റ്റിലായത്. പ്രതി ഒരു സ്വകാര്യ കമ്പനിയിൽ മാനേജറാണ്.
നിരന്തരമായി യുവാവ് നടിക്ക് സമൂഹമാധ്യമം വഴി അശ്ലീല സന്ദേശം അയക്കാറുണ്ടന്നാണ് നടി പരാതിയിൽ പറയുന്നു. നടി നേരിട്ട് വിളിച്ചു വിലക്കിയിട്ടും സന്ദേശം അയയ്ക്കുന്നത് തുടർന്നുവെന്നും അശ്ലീല ചിത്രങ്ങളും വിഡിയോയും അയച്ച് അപമാനിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്.
നടി തെലുങ്ക് കന്നഡ സീരിയലുകളിൽ സജീവമാണ്. മൂന്നു മാസങ്ങൾക്കുമുൻപ് സമൂഹമാധ്യമമായ ഫെയ്സ്‌ബുക്കിൽ ‘നവീൻസ്’ എന്ന ഐഡിയിൽനിന്ന് ഫ്രണ്ട്സ് റിക്വസ്റ്റ് നടിക്ക് വന്നിരുന്നു. നടി റിക്വസ്റ്റ് സ്വീകരിച്ചിരുന്നില്ല. എന്നിട്ടും നവീൻ ദിവസവും തന്റെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങൾ എടുത്ത് മെസഞ്ചറിലൂടെ നടിക്ക് അയച്ചിരുന്നു. ഇതേ തുടർന്ന് നടി ബ്ലോക്ക് ചെയ്തു. എന്നാൽ പിന്നീട് പല പുതിയ അക്കൗണ്ടുകൾ എടുത്തു അത് വഴി ഇയാൾ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയയ്ക്കുന്നതു തുടർന്നു.
നവംബർ 1ന് യുവാവ് നടിക്ക് സന്ദേശം അയച്ചപ്പോൾ നേരിട്ടു കാണാൻ നടി ആവശ്യപ്പെട്ടു. നേരിട്ട് കണ്ടപ്പോൾ ഇത്തരം സന്ദേശങ്ങൾ അയയ്ക്കുന്നത് അവസാനിപ്പിക്കണം എന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ നവീൻ കേൾക്കാൻ തയാറായില്ല. ഇതേത്തുടർന്നാണ് അവർ അന്നപൂർണേശ്വരി പൊലീസിനെ സമീപിച്ചത്. അറസ്റ്റിലായ നവീൻ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ ആണ്.
















