തിരുവല്ല അയിരൂരിൽ കവിത (19) പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് കുത്തി പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി അജിൻ റെജി മാത്യു കുറ്റക്കാരനാണെന്ന് കോടതി. അഡീഷനൽ ജില്ലാ കോടതി (ഒന്ന്) മറ്റന്നാൾ അജിന് ശിക്ഷ വിധിക്കും.
2019 മാർച്ച് 12നു തിരുവല്ലയിൽ ആയിരുന്നു സംഭവം നടന്നത്. സഹപാഠികളായിരുന്ന അജിനും കവിതയും തമ്മിൽ പ്രണയബന്ധത്തിലായിരുന്നു. പിന്നീട് കവിത പ്രണയബന്ധത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് കുപിതനായ അജിൻ വഴിയിൽ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. ആദ്യം കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തി പരുക്കേൽപ്പിക്കുകയും പിന്നീട് പെട്രോൾ ഒഴിച്ച് തീ ഇടുകയും ആയിരുന്നു. 70 ശതമാനത്തിലധികം പൊള്ളലേറ്റ പെൺകുട്ടി രണ്ടുനാൾ നീണ്ട ചികിത്സയ്ക്കൊടുവിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു.
ആക്രമണത്തിനു ശേഷം കടന്നുകളയാൻ ശ്രമിച്ച അജിനെ, കൈ കാലുകൾ ബന്ധിച്ച് നാട്ടുകാർ പൊലീസിൽ ഏൽപിക്കുകയായിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്ന് കവിതയുടെ കുടുംബം ആവശ്യപ്പെട്ടു. പരമാവധി ശിക്ഷ തന്നെ ലഭിക്കുമെന്ന് വിശ്വസിക്കുന്നു എന്ന് പ്രോസിക്യൂട്ടർ മാധ്യമങ്ങളോടു പറഞ്ഞു.
















