ഇപി ജയരാജൻ ബിജെപിയിൽ വരാൻ ആഗ്രഹം അറിയിച്ചിരുന്നുവെന്ന് എ പി അബ്ദുള്ളക്കുട്ടി. ജയരാജൻ വേണ്ടെന്ന് സംസ്ഥാന നേതാക്കൾ തീരുമാനിച്ചു. അതിന്‍റെ ഭാഗമായി തന്നെയാണ് ജാവ്ദേകർ ചർച്ച നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. പി ജയരാജൻ ആത്മകഥ എഴുതിയാൽ ഇപിയുടെ കഥ മുഴുവൻ പുറത്തുവരും. ഇപി പുസ്തകം എഴുതിയത് തന്നെ എം വി ഗോവിന്ദനെ ലക്‌ഷ്യം വച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
സി.പി.എം നേതാവ് ഇ.പി ജയരാജൻ്റെ ‘ഇതാണെൻ്റെ ജീവിതം’ എന്ന ആത്മകഥയുടെ പ്രസിദ്ധീകരണത്തിന് പിന്നാലെ പാർട്ടിയിൽ അമർഷം പുകയുന്നതായി റിപ്പോർട്ട്. പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യപ്പെടാതെ മൂടിവെച്ച സംഘടനാപരമായ പല വിവാദങ്ങളും ആത്മകഥയിലൂടെ പരസ്യമാക്കിയതിലാണ് സി.പി.എം നേതൃത്വത്തിന് അതൃപ്തിയുള്ളത്. സാധാരണയായി സംഘടനാപരമായ വിഷയങ്ങളെ പറ്റി സി.പി.എം നേതാക്കൾ പരസ്യ ചർച്ചകൾ നടത്താറില്ല. എന്നാൽ ഇ.പി ജയരാജൻ്റെ ആത്മകഥ ഈ പതിവ് തെറ്റിച്ചതാണ് നിലവിലെ അതൃപ്തിക്ക് പ്രധാന കാരണം.
സംഘടനയ്ക്കുള്ളിൽ തനിക്കെതിരെ പി ജയരാജൻ ഉന്നയിച്ച വിമർശനങ്ങളെക്കുറിച്ചുള്ള തുറന്നെഴുത്താണ് ഇതിൽ ഏറ്റവും പ്രധാനം.തനിക്കെതിരായ അധിക്ഷേപങ്ങൾ ബന്ധപ്പെട്ടവർ വ്യക്തത വരുത്തിയിരുന്നെങ്കിൽ പല വിവാദങ്ങളും നിലക്കുമായിരുന്നുവെന്ന് ഇ.പി. ജയരാജൻ ആത്മകഥയിൽ പറയുന്നത്. പാർട്ടിക്കുള്ളിലെ ആഭ്യന്തര ചർച്ചകൾ പോലും പുറത്തുവരുന്നതിൽ നേതൃത്വത്തിന് ശക്തമായ വിയോജിപ്പുണ്ട്.
















