ചെയ്യാത്ത കുറ്റത്തിന് തന്റെ ജീവിതത്തിലെ നല്ലൊരു ഭാഗം കൃത്യം പറഞ്ഞാൽ 43 വർഷത്തിലധികം ജയിലറകൾക്കുള്ളിൽ ഹോമിക്കപ്പെട്ട ഒരിന്ത്യൻ വംശജന്റെ വിധിക്ക് ഒടുവിൽ യുഎസ് കോടതികളുടെ കനിവ്. കൊലപാതകക്കുറ്റത്തിൽ നിന്ന് കുറ്റവിമുക്തനാക്കപ്പെട്ട സുബ്രഹ്മണ്യം ‘സുബു’ വേദത്തെ (64) ഇന്ത്യയിലേക്ക് നാടുകടത്താനുള്ള ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിന്റെ (ഐസിഇ) നീക്കങ്ങൾ യുഎസ് കോടതികൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. തന്റെ നിരപരാധിത്വം തെളിയിക്കാൻ നാല് പതിറ്റാണ്ടിലേറെ പോരാടി വിജയം കണ്ട സുബ്രഹ്മണ്യത്തിന്, ജയിൽ മോചിതനായ ഉടൻ തന്നെ നേരിടേണ്ടി വന്ന നാടുകടത്തൽ ഭീഷണി അദ്ദേഹത്തെയും കുടുംബത്തെയും തളർത്തിയിരുന്നു. എന്നാൽ, നാടുകടത്തലിനെതിരെ സുബു നടത്തിയ നിയമപോരാട്ടം വിജയം കണ്ടിരിക്കുകയാണ്.
പെൻസിൽവേനിയ സ്വദേശിയായ സുബ്രഹ്മണ്യം വേദം എന്ന സുബുവിനെ 1982-ൽ, 19 വയസ്സുള്ളപ്പോൾ, സുഹൃത്തായ തോമസ് കിൻസറെ കൊലപ്പെടുത്തിയെന്ന കുറ്റത്തിനാണ് അറസ്റ്റ് ചെയ്തത്. 1983-ൽ കുറ്റക്കാരനെന്ന് കണ്ടെത്തി പരോളില്ലാത്ത ജീവപര്യന്തം തടവിന് ശിക്ഷിച്ചു. നിരപരാധിത്വം തെളിയിക്കാനുള്ള സുബുവിന്റെ ശ്രമങ്ങളെല്ലാം തുടർച്ചയായി നിരസിക്കപ്പെട്ടു. എന്നാൽ, 2022-ൽ കേസിൽ നിർണ്ണായക വഴിത്തിരിവുണ്ടായി. കൊലപാതകത്തിന് ഉപയോഗിച്ചുവെന്ന് പറയപ്പെടുന്ന തോക്കിലെ വെടിയുണ്ടയ്ക്ക് ഉണ്ടാക്കാൻ കഴിയുന്നതിലും വളരെ ചെറിയ മുറിവാണ് കൊല്ലപ്പെട്ട കിൻസറിന്റെ തലയിലുണ്ടായതെന്ന് പുതിയ പരിശോധനയിൽ തെളിഞ്ഞു. ഇതോടെ, 43 വർഷത്തിലധികം നീണ്ട സുബുവിന്റെ ജയിൽവാസത്തിന് അവസാനമായി. പെൻസിൽവേനിയയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ജയിലിൽ കഴിഞ്ഞ ശേഷം കുറ്റവിമുക്തനാക്കപ്പെട്ട വ്യക്തികളിൽ ഒരാളായി സുബ്രഹ്മണ്യം മാറി. ഒക്ടോബർ 3-ന് അദ്ദേഹം ജയിൽ മോചിതനായി.
കൊലപാതകക്കുറ്റത്തിൽ നിന്ന് മോചിതനായെങ്കിലും, സുബ്രഹ്മണ്യത്തെ കാത്തിരുന്നത് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരായിരുന്നു. ഉടൻ തന്നെ കസ്റ്റഡിയിലെടുത്ത ഐസിഇ, 1980-കളിലെ ലഹരിമരുന്ന് കൈവശം വെച്ച കേസുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന നാടുകടത്തൽ ഉത്തരവ് ചൂണ്ടിക്കാട്ടി അദ്ദേഹത്തെ ഇന്ത്യയിലേക്ക് നാടുകടത്താനുള്ള നീക്കങ്ങൾ ആരംഭിച്ചു. ലൂസിയാനയിലെ ഒരു തടങ്കൽ കേന്ദ്രത്തിൽ നാടുകടത്തുന്നതിനായി എയർസ്ട്രിപ്പ് സജ്ജീകരിച്ച് സുബ്രഹ്മണ്യത്തെ പാർപ്പിക്കുകയും ചെയ്തു.
കേസ് റദ്ദാക്കപ്പെട്ടെങ്കിലും ലഹരിക്കേസ് നിലനിൽക്കുമെന്ന് ചൂണ്ടിക്കാട്ടിയുള്ള ഐസിഇയുടെ നീക്കത്തെ സുബ്രഹ്മണ്യത്തിന്റെ കുടുംബം കോടതിയിൽ ചോദ്യം ചെയ്തു. വെറും ഒമ്പത് മാസം മാത്രം പ്രായമുള്ളപ്പോഴാണ് സുബ്രഹ്മണ്യം ഇന്ത്യ വിട്ട് യുഎസിൽ എത്തിയത്. “ഒമ്പത് മാസം പ്രായമുള്ളപ്പോൾ ഇന്ത്യ വിട്ട അദ്ദേഹത്തിന്, ഇന്ത്യ തികച്ചും വ്യത്യസ്തമായ ഒരു ലോകമാണ്. അദ്ദേഹത്തിന് ഇന്ത്യയിൽ ആരെയും അറിയില്ല,” എന്ന് കുടുംബം കോടതിയെ അറിയിച്ചു. അമ്മയും അച്ഛനും മരണപ്പെടുകയും സഹോദരി, മരുമക്കൾ, പേരക്കുട്ടികൾ ഉൾപ്പെടെയുള്ള ബന്ധുക്കൾ എല്ലാവരും യുഎസ് പൗരന്മാരായി അമേരിക്കയിലും കാനഡയിലുമായി താമസിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സുബ്രഹ്മണ്യത്തിന്റെ നാടുകടത്തൽ നീക്കം മനുഷ്യത്വരഹിതമാണെന്നും കുടുംബം വാദിച്ചു. നിരപരാധിത്വം തെളിയിക്കാൻ 43 വർഷം പോരാടിയ കുടുംബം, ഇപ്പോൾ നാടുകടത്തലിനെതിരെയും ശക്തമായി പോരാടുകയാണ്.
അങ്ങനെ ഈ ഹർജി പരിഗണിച്ച യുഎസ് കോടതികൾ ഇമിഗ്രേഷൻ വകുപ്പിന്റെ അപ്പീൽ പുനഃപരിശോധിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് വരെ നാടുകടത്തൽ നടപടികൾ നിർത്തിവെക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ്. ഇതോടെ, 43 വർഷത്തെ ജയിൽവാസത്തിന് ശേഷം സ്വാതന്ത്ര്യത്തിന്റെ വെളിച്ചം കണ്ട സുബ്രഹ്മണ്യം വേദത്തിന്, തന്റെ പ്രിയപ്പെട്ടവരോടൊപ്പം യുഎസ് മണ്ണിൽ തുടരാൻ ഒരു താൽക്കാലിക ആശ്വാസം ലഭിച്ചിരിക്കുകയാണ്. തെറ്റായി ശിക്ഷിക്കപ്പെട്ട വ്യക്തികൾക്ക് നീതിന്യായ വ്യവസ്ഥ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് സുബ്രഹ്മണ്യത്തിന്റെ കുടുംബം ‘ഫ്രീ സുബ്ബു’ എന്ന വെബ്സൈറ്റ് വഴിയും പ്രക്ഷോഭം തുടരുന്നുണ്ട്.
















