ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നാല് വയസുകാരനെ തള്ളിയിട്ട് കൊലപ്പെടുത്തി രണ്ടാനമ്മ. പിതാവിന്റെ പരാതിയിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 27നാണ് കേസിനാസ്പദമായ സംഭവം.
മകൻ വിവാനെ ഭാര്യ പ്രിയ ചെറിയ കാര്യങ്ങൾക്ക് പോലും മർദിക്കാറുണ്ടായിരുന്നുവെന്നും ക്രൂരമായി ഉപദ്രവിക്കുമായിരുന്നുവെന്നും പിതാവ് രാഹുൽ കുമാർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
ആദ്യ ഭാര്യയുടെ മരണത്തെ തുടർന്നാണ് രാഹുൽ കുമാർ പ്രിയയെ വിവാഹം ചെയ്തത്. ആദ്യ ബന്ധത്തിലെ കുട്ടിയാണ് വിഹാൻ. ജോലി കഴിഞ്ഞെത്തിയ രാഹുലാണ് ഗുരുതരമായി പരിക്കേറ്റ മകനെ വീട്ടിനകത്ത് കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഇതോടെ മരണത്തിന് പിന്നിൽ പ്രിയയാണെന്ന് ചൂണ്ടിക്കാട്ടി രാഹുൽ പൊലീസിന് പരാതി നൽകി. കുട്ടിയെ തള്ളിയിട്ടെന്ന് പ്രിയ പൊലീസ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. തള്ളിയിട്ടെന്നും ഇതോടെ കുഞ്ഞിന് പരിക്കേറ്റുവെന്നും യുവതി മൊഴിയിൽ പറയുന്നുണ്ട്.
അയൽവാസികളിൽ നിന്നടക്കം വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും പ്രിയയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ എടുത്തതായും പൊലീസ് പറഞ്ഞു.
















