മൂന്നാർ: മൂന്നാറിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് കൊഴുപ്പ് കൂട്ടി റിസോർട്ട് ജീവനക്കാരും വിദേശ സഞ്ചാരികളും ചേർന്ന് 300 കിലോ വൻ കേക്ക് മിക്‌സ് തയ്യാറാക്കി.മൂന്നാർ ടൗണിലുള്ള ഈസ്റ്റ് എൻഡ് റിസോർട്ടിലാണ് മനോഹരമായ ഈ ആഘോഷരംഗം അരങ്ങേറിയത്.
കേക്ക് മിക്‌സിംഗിൽ 75-ലധികം വിദേശ സഞ്ചാരികളും 29 റിസോർട്ട് ജീവനക്കാരും പങ്കെടുത്തു. നിറപ്പകിട്ടേറിയ ചടങ്ങിൽ ബദാം, കശുവണ്ടി, പിസ്റ്റ, കിസ്മിസ്, ആപ്രിക്കോട്ട്, ബ്ലൂബെറി, ബ്ലാക്ക്ബെറി, അത്തിപ്പഴം, ഈന്തപ്പഴം തുടങ്ങിയ 160 കിലോഗ്രാം ഉണങ്ങിയ പഴങ്ങൾ തേൻ, പഴച്ചാറുകൾ, വൈറ്റ് വൈൻ, റെഡ് വൈൻ, റം എന്നിവയുമായി ചേർത്താണ് മിശ്രിതം തയ്യാറാക്കിയത്.
തയ്യാറാക്കിയ മിശ്രിതം ഒന്നര മാസം മുഴുവൻ സൂക്ഷിച്ച് ക്രിസ്മസ് സമയത്ത് കേക്കായി മാറ്റി സഞ്ചാരികൾക്കും അതിഥികൾക്കും നൽകാനാണ് തീരുമാനം. മലയോരത്തിന്റെ തണുത്ത മഞ്ഞിലും ഉത്സവമനോഹാരിതയിലും മിക്‌സിംഗിന്റെ സുഗന്ധം പകരുന്ന ഈ ചടങ്ങ് വിനോദസഞ്ചാരികൾക്ക് വേറിട്ട അനുഭവമായി.
റിസോർട്ടിന്റെ ജനറൽ മാനേജർ ബി.ടി. സുശീൽ, എക്‌സിക്യൂട്ടീവ് ഷെഫ് ജസ്റ്റിൻ ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
















