AIYF സംസ്ഥാന സമിതിയംഗവും ജില്ലാ പഞ്ചായത്തംഗവുമായിരുന്ന ശ്രീനാദേവി കുഞ്ഞമ്മയുടെ രാജി CPI നേതൃത്വത്തിനു വെല്ലുവിളിയാകും. തുടര്‍ന്ന് ഏതു രാഷ്്ട്രീയകക്ഷിയില് പ്രവര്‍ത്തിക്കുമെന്നതു സംബന്ധിച്ചു തീരുമാനമായിലെന്നു പറഞ്ഞുവെങ്കിലും കോണ്ഗ്രസിലേക്കെന്നാണു സൂചന.
ജില്ലാ പഞ്ചായത്തംഗത്വം രാജിവച്ചതിനൊപ്പം സിപിഐയില്‍ ഇനി താനുണ്ടാവില്ലെന്നും ശ്രീനാദേവി പറഞ്ഞു. ശ്രീനാദേവിയുടെ പാര്‍ട്ടി അംഗത്വം പുതുക്കിയിരുന്നില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടി ഘടകങ്ങള്‍ക്കു നല്കിയ അപേക്ഷ പരിഗണിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.
പാര്‍ട്ടി നേതൃത്വവുമായുള്ള അഭിപ്രായഭിന്നതയാണു രാജിക്കു കാരണമായത്. ജില്ലാ സെക്രട്ടറിയായിരുന്ന എ.പി. ജയനെതിരേ പാര്‍ട്ടി ഘടകങ്ങളില്‍ ശ്രീനാദേവി പരാതി നല്‍കിയതോടെയാണ് ഇവരുമായി സിപിഐ നേതൃത്വം അകന്നത്. ജയന് അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നായിരുന്നു ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവില്‍ ജയന് പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനം നഷ്ടപ്പെടുകയുമുണ്ടായി.
പാര്‍ട്ടി ഘടകങ്ങളില്‍ നിന്നു നേരിട്ട അവഗണനയും അവഹേളനവുമാണ് രാജിക്കു കാരണമെന്നും അവര്‍ അറിയിച്ചു. എഐവൈഎഫിന്റെ ഉത്തരവാദിത്വപ്പെട്ട തസ്തികയില്‍ താനുണ്ടായിട്ടും തന്നെ അറിയില്ലെന്ന തരത്തില്‍ സിപിഐ സംസ്ഥാന കൗണ്‍സിലംഗം പ്രസ്താവന നടത്തിയിരുന്നു.
















